ഇനി ബീഫ് ഫെസ്റ്റിന്റെ കാലം !.കോട്ടയം സിഎംഎസ് കോളജില്‍ ബീഫ് ഫെസ്റ്റ്: 10 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

കോട്ടയം:ബീഫ് വിവാദം രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയം ആകുമ്പോള്‍ അതു കേരളത്തിലും പടരുന്നു.ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ് ഐ – ബിജെപ്യുടെ പോഷക സംഘടനയായ എ.ബി.വി.പിയും രൂക്ഷമായ ഏറ്റുമുട്ടലിലേക്കും കടുക്കുകയാണ്.അതിനിടെ കോട്ടയം സിഎംഎസ് കോളജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താനുള്ള എസ്എഫ്ഐ ശ്രമത്തിനിടെ സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് 10 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചു. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ 150ലധികം വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ കോളജിലെത്തുകയായിരുന്നു. എന്നാല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയല്‍ ഇതിന് അനുമതി നിഷേധിച്ചാതാണ് സംഘര്‍ഷത്തിന് കാരണം.

വിദ്യാര്‍ഥി സംഘടനയായ എബിവിപിയുമായി സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് ഫെസ്റ്റിന് അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചതാണ് വിദ്യാര്‍ഥികളെ പ്രകോപിതരാക്കിയത്. ഇതേതുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ പിടിച്ചു തള്ളി. ഇതിനിടെ ബീഫ് ഇദ്ദേഹത്തിന്റെ ദേഹത്ത് വീഴുകയും ചെയ്തു.

അതേസമയം, കോളജിലെ എസ്എഫ്ഐ നേതാക്കള്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചാണ് ഫെസ്റ്റിവലില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുവന്നതെന്നും പുറത്തുനിന്നുള്ള മുന്‍ വിദ്യാര്‍ഥികളും സംഘത്തിലുണ്ടായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ ആരോപിച്ചു.

ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ട തൃശൂര്‍ കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിനെ അനുകൂലിച്ച് സിഎംഎസ് കോളജ് പരിസരത്ത് ബാനറുകളും സ്ഥാപിച്ചിരുന്നു.

Top