സില്‍വര്‍ലൈന്‍ വിരുദ്ധ സമരം ശക്തിപ്പെടുത്തും; ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കെ-റെയിലിന്റെ പേരില്‍ ജനങ്ങളെ സംസ്ഥാനത്തുനിന്നും കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ജനവിരുദ്ധ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍കാരിന്റെ നീക്കത്തിനെതിരെ ബിജെപി സില്‍വര്‍ലൈന്‍ വിരുദ്ധ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ നടന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ അധ്യക്ഷത വഹിക്കവെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. കൊടേഷന്‍ -ലഹരി മാഫിയ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ക്രിമിനലുകള്‍ക്കെല്ലാം രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് നിഷ്‌ക്രിയമാണ്. ഔദ്യോഗിക പ്രതിപക്ഷത്തിന് ഇത്തരം കാര്യത്തിലൊന്നും ഒരു താത്പര്യവുമില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിലുള്ള പദയാത്ര ഈ മാസം ആരംഭിക്കും. മലപ്പുറം കവന്നൂരില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ ജില്ലയിലെ വനിതാ ജനപ്രതിനിധിമാര്‍ പോലും എത്താതിരുന്നത് ഞെട്ടിക്കുന്നതാണ്. എന്തുകൊണ്ടാണ് കിടപ്പിലായ അമ്മയുടെ മുമ്ബില്‍വച്ച്‌ പീഡിപ്പിക്കപ്പെട്ട, സാമ്ബത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ഇരയക്ക് വേണ്ടി ശബ്ദിക്കാന്‍ ഭരണ-പ്രതിപക്ഷ പാര്‍ടിക്കാര്‍ തയ്യാറാവാത്തത്? കാവന്നൂരില്‍ പീഡിപ്പിക്കപ്പെട്ട ഇരയ്ക്ക് വേണ്ടി ഒന്നും മിണ്ടാത്ത വനിതാപ്രവര്‍ത്തകര്‍ക്ക് വനിതാദിനം ആഘോഷിക്കാന്‍ എന്ത് അവകാശമാണുള്ളതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

യുക്രൈനില്‍ നിന്നും നരേന്ദ്രമോദി സര്‍കാര്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുന്നത് സമാനതകളില്ലാത്ത തരത്തിലുള്ള നയതന്ത്ര വിജയമാണ്. 2500 ഓളം മലയാളി വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ സാധിച്ചു. ഇതില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ വഹിച്ച പങ്ക് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ കേരള സര്‍കാര്‍ എട്ടുകാലി മമ്മൂഞ്ഞാവുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍കാര്‍ ഡെല്‍ഹിയില്‍ എത്തിച്ച വിദ്യാര്‍ഥികളെ കേരളത്തിലെത്തിക്കുന്നതില്‍ സംസ്ഥാനം വലിയ അനാസ്ഥയാണ് കാണിക്കുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. കേരള പ്രഭാരി സിപി രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Top