ബിജെപിയുടെ ശക്തി കുറഞ്ഞു:നിരാഹാരം കിടക്കാന്‍ നേതാക്കളാരുമില്ല, സെക്രട്ടറിയേറ്റ് വളയലും ഉപേക്ഷിച്ചു

തിരുവനന്തപുരം: മകരവിളക്ക് അടുത്തിട്ടും ബിജെപിയുടെ നിരാഹാര സമരത്തിന് ഊര്‍ജമില്ല. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കായി ബിജെപി മുന്നിട്ടിറങ്ങി സമരം നടത്താന്‍ തുടങ്ങിയെങ്കിലും എങ്ങുമെത്താതെ പോകുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഏറ്റെടുക്കാന്‍ നേതാക്കളാരുമില്ലാത്ത അവസ്ഥയാണ്. ബിജെപി അധ്യക്ഷനായ പിഎസ് ശ്രീധരന്‍ പിള്ള ഉള്‍പ്പടെയുള്ള മുന്‍ നിര നേതാക്കളാകട്ടെ ഒഴിഞ്ഞുമാറി നടക്കുകയാണ്.
ശബരിമലയിലെ സമരങ്ങളില്‍ ബിജെപി ഇടപെടേണ്ടതില്ലെന്നും പുറത്തുള്ള പ്രതിഷേധങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നുമുള്ള ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരമിരുന്നത്. ഇതോടെ ശബരിമലയിലെ സമരത്തിന്റെ കടിഞ്ഞാണ്‍ ആര്‍എസ്എസ് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ സമരങ്ങളില്‍ തുടരെ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ വിശ്വാസികളായ അണികളേയും പ്രവര്‍ത്തകരേയും ഇത് ബിജെപിയില്‍ നിന്ന് അകറ്റാന്‍ കാരണമാക്കിയെന്നാണ് വിലയിരുത്തല്‍.

കൂടാതെ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമായതോടെ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിരവധി പ്രവര്‍ത്തകരും പോലീസ് കസ്റ്റഡിയില്‍ ആയി.പലരുടേയും പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമടക്കം കേസ് ചുമത്തിയെങ്കിലും നേതൃത്വം ഇതുവരെ ആരേയും തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.നിലവില്‍ ബിജെപി നേതാക്കളായ എന്‍ ശിവരാജനും പിഎം വേലായുധനുമാണ് നിരാഹാരം കിടന്നത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വിടി രമയാണ് ഇപ്പോള്‍ സമരപന്തലില്‍ ഉള്ളത്. ഇതോടെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കുന്ന ജനവരി 22 ന് സമരം അവസാനിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.
ഇതോടെ നേരത്തേ നിശ്ചയിച്ച സെക്രട്ടറിയേറ്റ് വളയല്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് പാര്‍ട്ടി. തിരുമാനം കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നിഗമനം.

സെക്രട്ടറിയേറ്റ് വളയല്‍ ഉപേക്ഷിച്ച് പകരം അമൃതാനന്ദമയിയെ ഉള്‍പ്പെടുത്തി അയ്യപ്പ ഭക്ത സംഗമം നടത്താനാണ് നിലവില്‍ തിരുമാനിച്ചിരിക്കുന്നത്. ശ്രീ ശ്രീ രവിശങ്കറിനേയും രാജ്യത്തെ പ്രമുഖ സന്യാസി ശ്രേഷ്ഠന്‍മാരേയും എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Latest
Widgets Magazine