
കളമശേരി: മദ്യം നൽകാൻ വൈകിയതിന്‍റെ പേരിൽ ബിവറേജസിൽ ഒന്പതു ജീവനക്കാരെയും ഒരു യുവാവിനെയും ആക്രമിച്ചശേഷം മദ്യം അടങ്ങുന്ന ബോക്സുകളും ബില്ലിംഗ് യന്ത്രവും അഞ്ചംഗ സംഘം അടിച്ചു തകർത്തു. സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിലായി. കളമശേരി ഗ്ലാസ് കോളനി സ്വദേശികളായ ബാബു (24) ശ്രീജിത്ത് (40) വിടാക്കുഴ സ്വദേശി സജി (42) എന്നിവരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കളമശേരി സീപോർട്ട്-എയർപോർട്ട് റോഡിലെ ബിവറേജ് ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ അഞ്ചംഗ സംഘമാണ് മദ്യം നൽകാൻ വൈകിയതിന്‍റെ പേരിൽ അക്രമം നടത്തിയത്. വ്യാഴാഴ്ച വൈകിട്ടണ് സംഭവം നടന്നത്. ബിവറേജസിന്‍റെ വില കൂടിയ മദ്യം വിതരണം ചെയ്യുന്ന മുകളിലെ പ്രീമിയം ഷോപ്പിലാണ് ഇവർ ആദ്യം പ്രശ്നമുണ്ടാക്കിയത്. ജീവനക്കാരനായ രാഹുൽ മദ്യം നൽകാൻ വൈകിയെന്ന് പറഞ്ഞ് ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു. മർദനത്തെത്തുടർന്ന് രാഹുൽ പുറത്തേക്കോടി താഴെയുള്ള ഷോപ്പിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ താഴെയെത്തിയ സംഘം ജീവനക്കാരായ ജ്യോതിഷ് (30), എൽദോ (50), ജോർജ് (46), മുരുകേഷ് (44), ഉണ്ണികൃഷ്ണൻ (40), സുജിത്ത് കുമാർ (40), അനിൽ കുമാർ (40), ദിനാർ (40) എന്നിവർക്കുനേരേ കമ്പിവടികളുമായി ആക്രമണം നടത്തുകയും മദ്യം അടങ്ങുന്ന നിരവധി ബോക്സുകൾ തകർക്കുകയും ചെയ്തതായി ജീവനക്കാർ പറഞ്ഞു. മദ്യം വാങ്ങാൻ ക്യൂവിൽ നിൽകുകയായിരുന്ന കാക്കനാട് ചിറ്റേത്തുകര പറയൽമൂല ജോമോൻ (30) എന്ന യുവാവിന്‍റെ തലയ്ക്ക് മദ്യക്കുപ്പി കൊണ്ട് അടിച്ചു. പരിക്കേറ്റ ജോമോനെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബില്ലിംഗ് മെഷീനും നിരവധി മദ്യ ബോക്സുകളും നശിപ്പിച്ചിട്ടുണ്ടെന്നും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായും അധികൃതർ അറിയിച്ചു.