തൃശൂര്‍: ആഘോഷ പൂര്‍വമായാണ് നടി ഭാവനയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നത്. പ്രമുഖ സിനിമാപ്രവര്‍ത്തകരെല്ലാം പങ്കെടുത്ത വിവാഹവും വിരുന്നു അക്ഷരാര്‍ത്ഥത്തില്‍ താരനിബിഢമായിരുന്നു. മഞ്ജു വാര്യരും രമ്യാ നമ്പീശനും അടക്കമുള്ള ഭാവനയുടെ ഉറ്റസുഹൃത്തുക്കള്‍ വിവാഹച്ചടങ്ങ് മുതല്‍ വൈകിട്ടുള്ള വിരുന്നില്‍ വരെ നിറസാന്നിദ്ധ്യമായിരുന്നു.
മമ്മൂട്ടിയും പൃഥ്വിരാജും അടക്കമുള്ളവരെത്തിയത് ആഘോഷത്തിന് മാറ്റ് കൂട്ടി. തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമായ ഭാവനയുടെ വിവാഹത്തില്‍ ചിലരുടെ അസാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. പല പ്രമുഖ താരങ്ങള്‍ക്കും വിവാഹത്തിന് ക്ഷണമുണ്ടായിരുന്നില്ല.
തിങ്കളാഴ്ച രാവിലെ 9.30തോടുകൂടിയായിരുന്നു ഭാവനയുടേയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്റെയും വിവാഹം. അഞ്ച് വര്‍ഷത്തിലധികം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. ഭാവനയുടെ വിവാഹം സംബന്ധിച്ച് നിലനിന്നിരുന്ന നിരവധി അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അന്ത്യമായത്.
ഭാവനയുടെ വിവാഹം നീട്ടിവെച്ചുവെന്നും വരന്‍ പിന്മാറിയെന്നും അടക്കം സോഷ്യല്‍ മീഡിയയില്‍ പരക്കാത്ത കഥകളില്ല. ഇത്തരം കെട്ടുകഥകള്‍ക്കുള്ള മറുപടി കൂടിയായി മാറി ഈ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. മഞ്ജു വാര്യര്‍ വിവാഹ ദിവസം മുഴുവന്‍ ഭാവനയ്ക്കൊപ്പമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.
മാത്രമല്ല ഭാവനയുടെ സിനിമയിലെ മറ്റ് ഉറ്റസുഹൃത്തുക്കളായ രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, ശില്‍പ ബാല, മൃദുല, ശ്രിത ശിവദാസ്, ഷെഫ്ന എന്നിവരും തുടക്കം മുതല്‍ വൈകിട്ടത്തെ വിരുന്ന് വരെ ഒപ്പമുണ്ടായിരുന്നു. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായുള്ള വിവാഹ സല്‍ക്കാരം.
ഭാവനയ്ക്കും നവീനും ആശംസ അറിയിക്കാന്‍ സിനിമാക്കാരുടെ ഒഴുക്ക് തന്നെയായിരുന്നു. എന്നാല്‍ മലയാളത്തിലെ പ്രമുഖരായ പലരും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. മെഗാസ്റ്റാര്‍ മമ്മൂട്ടി ചടങ്ങിനെത്തി ഭാവനയെ അനുഗ്രഹിച്ച് മടങ്ങി. നിര്‍മ്മാതാവ് ആന്റോ ജോസഫിന് ഒപ്പമായിരുന്നു മമ്മൂട്ടിയുടെ വരവ്.
സൂപ്പര്‍താരം പൃഥ്വിരാജും ഭാര്യ സുപ്രിയയും വിവാഹ വിരുന്നില്‍ പങ്കെടുക്കുകയുണ്ടായി. എന്നാല്‍ ഭാവനയ്ക്കൊപ്പം ഒന്നിലധികം സിനിമകളില്‍ നായകവേഷം വരെ ചെയ്തിട്ടുള്ള മോഹന്‍ലാല്‍ വിരുന്നിന് എത്തിയിരുന്നില്ല. ക്ഷണമുണ്ടായിരുന്നുവെങ്കിലും മോഹന്‍ലാലിന് എത്താന്‍ സാധിച്ചില്ല. ഷൂട്ടിംഗ് തിരക്കാണെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. വിരുന്നിന് ക്ഷണം പോലും കിട്ടാതെ പോയ പ്രമുഖരുമുണ്ട്.
അമ്മ ഭാരവാഹികളില്‍ മമ്മൂട്ടിക്കൊഴികെ മറ്റാര്‍ക്കും ക്ഷണം ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മ പ്രസിഡണ്ട് ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു എന്നിവരെ വിവാഹത്തിനോ വിരുന്നിനോ ക്ഷണിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ഇവരാരും തന്നെ ചടങ്ങില്‍ പങ്കെടുത്തതുമില്ല.
അതേസമയം, അമ്മ ഭാരവാഹിയായ നടന്‍ സിദ്ദിഖ് വിവാഹത്തിന് എത്തുകയും ഭാവനയ്ക്ക് ആശംസ അറിയിക്കുകയും ചെയ്തു. സിദ്ദിഖിന് ക്ഷണം ഉണ്ടായിരുന്നില്ല. എങ്കിലും സിദ്ദിഖ് രാവിലെ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വിവാഹച്ചടങ്ങിന് എത്തി. തന്റെ കുഞ്ഞനുജത്തിക്ക് വിവാഹ ആശംസകളെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
മലയാള സിനിമയിലെ മുന്‍നിരക്കാരും പിന്‍നിരക്കാരുമായി നിരവധി പേരാണ് ഭാവനയുടെ വിവാഹ വിരുന്നിന് എത്തിയത്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, ജയറാം, പാര്‍വ്വതി, കാളിദാസന്‍, സംയുക്താ വര്‍മ്മ, ബിജു മേനോന്‍, ജയസൂര്യ, കലാഭവന്‍ ഷാജു, മനോജ് കെ ജയന്‍, അനൂപ് മേനോന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍, നവ്യനായര്‍, ഭാഗ്യലക്ഷ്മി, ഭാമ, രചന നാരായണന്‍ കുട്ടി, ഷംന കാസിം, ലെന, മിയ, ആര്യ, ലക്ഷ്മി പ്രിയ, ശരണ്യ, കെപിഎസി ലളിത, കമല്‍, സിബി മലയില്‍ എന്നിവരും ചടങ്ങിനെത്തി.
വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ലെങ്കിലും മുതിര്‍ന്ന നടന്‍ നെടുമുടി വേണു നേരത്തെ ഭാവനയുടെ വീട്ടിലെത്തി ആശംസ അറിയിച്ചിരുന്നു.