ഭാവന വിവാഹിതയായി; താലി ചാര്‍ത്തിയത് കന്നഡ നിര്‍മ്മാതാവ്; ആശംസയുമായി മഞ്ജുവാര്യരും രമ്യ നമ്പീശനും അടക്കമുള്ള സുഹൃത്തുക്കള്‍

തൃശൂര്‍: സിനിമാ താരം ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് കന്നഡ നിര്‍മ്മാതാവ് നവീനാണ് ഭാവനയ്ക്ക് താലിചാര്‍ത്തിയത്. ക്ഷേത്രത്തില്‍ നക്ഷത്രത്തിളക്കത്തോടെ നടിയെത്തിയപ്പോള്‍ പഴുതുകളടച്ചുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ആരാധകര്‍ ഏറെയുള്ള നടിയുടെ വിവാഹം തൃശൂര്‍ ആഘോഷത്തോടെ ഏറ്റെടുത്തു. മഞ്ജു വാര്യരും രമ്യാ നമ്പീശനും അടക്കമുള്ള സുഹൃത്തുക്കളും ക്ഷേത്രത്തിലെത്തി. അതിനപ്പുറം ബന്ധുക്കള്‍ മാത്രമാണ് ഭാവനയുടെ താലികെട്ടിന് സാക്ഷ്യം വഹിക്കാനെത്തിയത്. സുരക്ഷാകാരണങ്ങളാല്‍ കഴിയുന്നതും വേണ്ടപ്പെട്ടവരെ മാത്രമേ താലികെട്ടിന് പങ്കെടുപ്പിക്കാവൂവെന്ന നിര്‍ദ്ദേശം പൊലീസ് ഭാവനയുടെ ബന്ധുക്കള്‍ക്ക് നല്‍കിയിരുന്നു. ഇത് പാലിച്ചായിരുന്നു വിവാഹം.

കന്നട നിര്‍മ്മാതാവ് നവീനാണ് വരന്‍, ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. സ്വര്‍ണ നിറത്തിലുള്ള ഡിസൈനര്‍ സാരിയാണ് വിവാഹത്തിനായി ഭാവന ധരിച്ചിരിക്കുന്നത്. ഒപ്പം ട്രഡീഷണല്‍ ശൈലിയിലുള്ള ആഭരണങ്ങളും. കടുംചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക്കും ചുവപ്പു കല്ലുകളോടു കൂടിയ നെറ്റിചുട്ടിയും ഭാവനയെ അതിസുന്ദരിയാക്കി. മുടി പിറകില്‍ വട്ടത്തില്‍ കെട്ടി മുഴുവനായും മുല്ലപ്പൂ ചുറ്റിവെച്ച് വധു ക്ഷേത്രത്തിലെത്തി. നവീനാകട്ടെ പരമ്പരാഗത വേഷവും. മുണ്ടും മേല്‍മുണ്ടും അണിഞ്ഞായിരുന്നു നവീന്‍ എത്തിയത്. കേരളീയ ശൈലിയിലായിരുന്നു ചടങ്ങുകളെല്ലാം. ഏറെ നാളായി ഭാവനയുടെ വിവാഹവുമായി ബന്ധപ്പെട്ട പലതരം അഭ്യൂഹങ്ങളും പരന്നിരുന്നു. സിനിമയിലെ ശത്രുക്കളായിരുന്നു ഇതിന് കാരണം. അതുകൊണ്ട് തന്നെ കനത്ത സുരക്ഷ പൊലീസ് ഒരുക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ 9.30നു തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങിലാണ് നവീന്‍ ഭാവനയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. നവീനുമായുള്ള അഞ്ച് വര്‍ഷം നീണ്ട ഭാവനയുടെ പ്രണയമാണ് ഇന്ന് പൂവണിഞ്ഞത്. ഇഷ്ട ദേവനായ തിരുവമ്പാടിക്കണ്ണനു മുന്നിലാണ് മലയാളത്തിന്റെ പ്രിയ നായിക സുമംഗലിയായത്. രണ്ടായിരത്തി പന്ത്രണ്ടില്‍ പുറത്തിറങ്ങിയ റോമിയോ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ഭാവനയും നിര്‍മ്മാതാവായ നവീനും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് സൗഹൃദം പ്രണയമാവുകയായിരുന്നു. ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. തുടര്‍ന്നു ബന്ധുക്കള്‍ക്കുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും ചലച്ചിത്രമേഖലയിലുള്ളവര്‍ക്കുള്ള വിരുന്ന് വൈകിട്ട് ലുലു കണ്‍വന്‍ഷന്‍ സെന്ററിലും നടക്കും. വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലില്‍ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ രമ്യ നമ്പീശന്‍, സയനോര, ഷഫ്ന, ശ്രിത ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് സിനിമാതാരങ്ങള്‍ക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കുമുള്ള വിരുന്ന് ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇരു ചടങ്ങുകളിലേക്കും മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലെന്നാണ് വിവരം. ഇന്നലെ രമ്യാ നമ്പീശന്റെ നേതൃത്വത്തില്‍ സിനിമ മേഖലയിലെ അടുത്ത കൂട്ടുകാരികള്‍ എത്തിയിരുന്നു. ഇവരാണ് മൈലാഞ്ചിയിടല്‍ ചടങ്ങ് നടത്തിയത്. ആറ് വര്‍ഷമായി നവീനും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം അല്‍പ്പം നീട്ടിവെച്ചത്. ഇതോടെ അഭ്യൂഹങ്ങള്‍ പലത് പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര ഉള്‍പ്പെടെ നിരവധി പേര്‍ ഭാവനക്ക് വിവാഹ ആശംസകള്‍ നേര്‍ന്നിരുന്നു.

Top