ബിജെപിയിൽ കലാപം മുറുകുന്നു! കൃഷ്ണദാസ് ഉൾപ്പെടെ 4 നേതാക്കൾ പുറത്തുപോയി.കെ സുരേന്ദ്രനെ പുറത്താക്കാനുള്ള സമ്മർദ്ദം ശക്തമാക്കി കൃഷ്ണദാസ് പക്ഷം

തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി..ബി ജെപി യിൽ പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കങ്ങൾ ആണ് കലാപമായിരിക്കുന്നത് . ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതും പികെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കി ഒതുക്കിയതുമെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലോടെയാണെന്ന ആക്ഷേപമാണ് നേതാക്കൾ ഉയർത്തുന്നത്. കൃഷ്ണദാസ് പക്ഷ നേതാക്കള്‍ ബിജെപി ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പ് വിട്ടു. ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ഗ്രൂപ്പില്‍ നിന്നാണ് മുതിര്‍ന്ന നേതാക്കള്‍ പുറത്തുപോയത്.

പി. കെ കൃഷ്ണദാസ്, എം. ടി രമേശ്, എ. എന്‍ രാധാകൃഷ്ണന്‍, എം. എസ് കുമാര്‍ എന്നിവരാണ് സ്വയം ഗ്രൂപ്പ് വിട്ടുപുറത്തുപോയത്. പി.ആര്‍ ശിവശങ്കറിനെ ചാനല്‍ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കുകയും തുടര്‍ന്ന് ഇതിനെതിരെ വലിയ പ്രതിഷേധവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. ശിവശങ്കറിനെ പുറത്താക്കിയത് പ്രസ് റിലീസിലൂടെ അറിയിച്ചതും വിവാദമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. നശിപ്പിക്കാന്‍ ശ്രമിച്ചാലും നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും ഒരു കാലത്തും പദവികള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പുതിയ സംസ്ഥാന നേതൃത്വം വന്നതിനുശേഷമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായതെന്നാരോപിച്ച് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ വിമര്‍ശനമുന്നയിച്ചത് ദിവസങ്ങള്‍ക്കുമുന്‍പാണ്.

പുനസംഘടനയില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞെങ്കിലും വിവരശേഖരണം മാത്രമാണ് നടന്നത്. പാര്‍ട്ടിയില്‍ പരസ്പര വിശ്വാസവും അഭിപ്രായസ്വാതന്ത്ര്യവുമില്ല. മെഡിക്കല്‍ കോളജ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തന്നെ ഒതുക്കുകയായിരുന്നെന്നും നസീര്‍ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ സംസ്ഥാന ബിജെപിയിൽ മുരളീധര പക്ഷത്തിനെതിരെ കടുത്ത എതിർപ്പുകൾ പാർട്ടിയിൽ ഉയർന്നിരുന്നു. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യമായിരുന്നു കൃഷ്ണദാസ് പക്ഷം ശക്തമാക്കിയത്. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സുരേന്ദ്രനെതിരെ കടുത്ത വിമർശനവും ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് പരാജയം, കുഴൽപ്പണക്കേസ് തുടങ്ങിവയെല്ലാം പാർട്ടിയെ പിടിച്ചുലച്ചിരുന്നവെന്നതിനാൽ സംസ്ഥാന ഘടകത്തിൽ നേതൃമാറ്റം നടത്താതെ പ്രതിച്ഛായ മിനുക്കാൻ സാധിക്കില്ലെന്നായിരുന്ന ഒരു വിഭാഗം നേതാക്കൾ നിലപാടെടുത്തത്.

പാർട്ടിയിൽ കെ സുരേന്ദ്രൻ ഏകപക്ഷീയമായാണ് തിരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചിരുന്നു. .എന്നാൽ കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്ന് മാത്രമല്ല സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നടത്തിയ പാർട്ടി പുനഃസംഘടനയിൽ കൃഷ്ണദാസ് പക്ഷത്തിന് വലിയ തിരിച്ചടിയും നേരിടേണ്ടി വന്നു. സംസ്ഥാന പുനഃസംഘടയിൽ കൃഷ്ണദാസ് പക്ഷത്തെ അഞ്ച് ജില്ലാ പ്രസിഡന്റുമാർക്കായിരുന്നു സ്ഥാനം തെറിച്ചത്.

ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷും മുരളീധര പക്ഷവും ചേർന്നാണ് തങ്ങളെ വെട്ടിനിരത്തിയതെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നിലപാട്. ഇതിനിടെ പാർട്ടി നിലപാടുകൾ ചാനലുകളിൽ അവതരിപ്പിച്ചിരുന്ന പി ആർ ശിവശങ്കരനെ ആ സ്ഥാനത്തു നിന്ന് നീക്കിയ നടപടിയും കൃഷ്ണദാസ് പക്ഷത്തെ ചൊടിപ്പിച്ചു. കൃഷ്ണദാസ് പക്ഷക്കാരനായ ശിവശങ്കർ ചർച്ചകളിൽ ബി ജെ പി യുടെ ശക്തമായ സാന്നിധ്യമായിരുന്നു.നേരത്തേ സുരേന്ദ്രനെ പരിഹസിച്ച് ശിവശങ്കർ കുറിപ്പ് പങ്കുവെച്ചിരുന്നു. സുരേന്ദ്രനെ ശ്രീ ശ്രീ ചേർത്ത് വിശേഷിപ്പിച്ചുള്ളതായിരുന്നു കുറിപ്പ്. അതേസമയം ശിവശങ്കറിനെ നീക്കിയത് അദ്ദേഹത്തിന്റെ ആത്മാഭിമാനത്തെ ഹനിക്കുന്ന നടപടിയാണെന്നായിരുന്നു മുതിർന്ന നേതാവ് പി പി മുകുന്ദൻ പ്രതികരിച്ചത്.

ഈ തർക്കങ്ങളും വാദപ്രതിവാദങ്ങളും തുടരുന്നതിനിടയിലാണ് നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാണ് മുതിരർന്ന നേതാക്കളായ പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാര്‍ എന്നിവര്‌‍ ചാനൽ ച‍ർച്ചക്കുള്ള പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തേക്ക് പോയത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഈ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ.അതേസമയം നേതാക്കളുടെ പുറത്ത് പോക്ക് സംസ്ഥാന ബി ജെ പിയിൽ കൂടുതൽ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വിഷയത്തിൽ ഇതുവരേയും ബി ജെ പി നേതൃത്വം പ്രതികരിച്ചിട്ടില്ല. അതേസമയം ഇപ്പോഴത്തെ അതൃപ്തികൾ മുതലാക്കി കെ സുരേന്ദ്രനെ പുറത്താക്കാനുള്ള സമ്മർദ്ദം ശക്തമാക്കാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കം.

Top