എക്‌സിറ്റ് പോള്‍:ബീഹാറില്‍ വിശാലസഖ്യത്തിന് ജയമെന്നു 4 സര്‍വേകള്‍

പാറ്റ്‌ന:ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വ്യത്യസ്ത പ്രവചനങ്ങള്‍. ആറു പോളുകള്‍ നടന്നതില്‍ നാലെണ്ണം വിശാലസഖ്യം (ജനതാദള്‍ യു, രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ്) ഭൂരിപക്ഷം നേടുമെന്നു പറയുമ്പോള്‍ രണ്ടെണ്ണത്തില്‍ ദേശീയ ജനാധിപത്യ സഖ്യം (ബിജെപി, എല്‍ജെപി, എച്ച്എഎം) വിജയിക്കുമെന്ന് പ്രവചനം പുറത്തുവന്നു.57 ശതമാനം വോട്ടര്‍മാര്‍ അഞ്ചാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി. 243 അംഗ നിയമസഭയിലെ 57 സീറ്റുകളിലേക്കാണ് അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. നവംബര്‍ 8 ഞായറാഴ്ച വോട്ടെണ്ണല്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ലാലു-നിതീഷ് സഖ്യവും നേരിട്ട് ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പ് ഇരു കൂട്ടര്‍ക്കും അഭിമാന പോരാട്ടമാണ്. ഭരണം നിലനിര്‍ത്താന്‍ ലാലുവും നിതീഷും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മഹാസഖ്യവും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അട്ടിമറി ജയം ആവര്‍ത്തിക്കാന്‍ ബി.ജെ.പിയും പതിനെട്ടടവും പുറത്തെടുത്താണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.
അവസാനഘട്ട പോളിങ് അവസാനിച്ചതിന് പിന്നാലെ ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ സര്‍വേഫലങ്ങള്‍ പുറത്തുവന്നു.

 

മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുന്ന സര്‍വേകളാണ് ഭൂരിപക്ഷവും. 243ല്‍ മഹാസഖ്യം 122 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ-സീവോട്ടര്‍ സര്‍വേ പ്രവചിക്കുന്നു. എന്‍.ഡി.എയ്ക്ക് 111 സീറ്റുകളാണ് ടൈംസ് നൗ-സീവോട്ടര്‍ പ്രവചിക്കുന്നത്. ഇന്ത്യ ടുഡെ സര്‍വേ എന്‍.ഡി.എയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നു.
ന്യൂസ് എക്‌സ് മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിക്കുന്നു. ന്യൂസ് എക്‌സ്, മഹാസഖ്യത്തിന് 130-140 സീറ്റും എന്‍.ഡി.എയ്ക്ക് 90-100 സീറ്റും പ്രവചിക്കുന്നു. ന്യൂസ് നേഷന്‍ സര്‍വേയും മഹാസഖ്യത്തിന് ഭൂരിപക്ഷം പ്രവചിക്കുന്നു. 124 സീറ്റുകള്‍ വരെയാണ് ന്യൂസ് നേഷന്‍ മഹാസഖ്യത്തിന് പ്രവചിക്കുന്നത്. എ.ബി.പി ന്യൂസ് സര്‍വേ മഹാസഖ്യത്തിന് 130 സീറ്റുകള്‍ പ്രവചിക്കുന്നു. ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരമാണ് സര്‍വേ റിപ്പോര്‍ട്ട്.
അതേസമയം സര്‍വേഫലങ്ങള്‍ തള്ളുന്നതായി ബി.ജെ.പി വൃത്തങ്ങള്‍ പ്രതികരിച്ചു. വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു.രണ്ടു മുന്നണികളും തമ്മിൽ ഒരു ശതമാനം വോട്ടുകളുടെ വ്യത്യാസമേ പല സർവേകളിലും പറയുന്നുള്ളൂ. മുൻപു പലപ്പോഴും കൃത്യമായി ഫലം പ്രവചിച്ചിട്ടുള്ള ടുഡേയ്സ് ചാണക്യ പറയുന്നത് ബിജെപി സഖ്യം 155 സീറ്റു നേടുമെന്നാണ്. പ്രമുഖ കക്ഷികൾ മൽസരിച്ച സീറ്റുകൾ: ബിജെപി–160, എൽജെപി– 40, രാഷ്ട്രീയ ലോക് സമത– 23, എച്ച്എഎം– 20. ജനതാദൾ യു–101, രാഷ്ട്രീയ ജനതാദൾ–101, കോൺഗ്രസ്– 41.

Top