പട്‌ന: പ്രളയം ബാധിച്ച് ഒരു നാടുമുഴുവന്‍ ദുരിതമനുഭവിച്ചപ്പോള്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഗംഗയിലെ പുണ്യജലം കരകവിഞ്ഞു വീട്ടുമുറ്റത്തെത്തിയത് ഭാഗ്യമാണെന്ന് ലാലു പ്രസാദ് പറഞ്ഞു.
ഫത്വയില്‍ പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനിടെ നടത്തിയ പരാമര്‍ശങ്ങളാണു പൊല്ലാപ്പായത്. ബിജെപി ഭരിക്കുന്ന അയല്‍സംസ്ഥാനങ്ങള്‍ വെള്ളം തുറന്നുവിട്ടതു കാരണമാണു ബിഹാറില്‍ വെള്ളപ്പൊക്കമുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ആരോഗ്യമന്ത്രിയും മകനുമായ തേജ് പ്രതാപിന് ഒപ്പമായിരുന്നു ലാലുവിന്റെ സന്ദര്‍ശനം.
ഇതിനിടെ, ഭരണപക്ഷത്തെ പ്രമുഖന്റെ വാക്കുകള്‍ വീണുകിട്ടിയ ആയുധമാക്കുകയാണു പ്രതിപക്ഷം. നദികള്‍ കരകവിഞ്ഞു വീടും കൃഷിയും കന്നുകാലികളുമെല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിനു ജനങ്ങളെ ലാലു പരിഹസിക്കുകയാണെന്ന് ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി കുറ്റപ്പെടുത്തി.
ജനങ്ങളെ വിഡ്ഢികളാക്കാനാണു ലാലു ശ്രമിക്കുന്നതെന്നു കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍ ആരോപിച്ചു. ജനങ്ങള്‍ നട്ടംതിരിയുമ്പോള്‍ ലാലു തമാശ പറയുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിയും കുറ്റപ്പെടുത്തി.