ലോകത്തിലെ ഏറ്റവു വലിയ കോടീശ്വരന്റെ ഭാര്യ എങ്ങനെയായിരിക്കും ജീവിക്കുക? എവിടെയൊക്കെയാകും അവര്‍ അവര്‍ സമയം ചെലവഴിക്കാനായി ചെയ്യുക ? എന്നല്ലാമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ നമ്മുടെ മനസ്സില്‍ ആദ്യമെത്തുക ആഢബരത്തിന്റെ അവസാന വാക്കുകളായ വസ്തുക്കളും സാഹചര്യങ്ങളുമാകും. അതെ മെലിന്‍ഡയ്ക്കും ഇതൊക്കെയായി എവിടെയെങ്കിലും ഒതുങ്ങിക്കൂടി ജീവിക്കാമായിരുന്നു. എന്നാല്‍ ലോകത്തിനു മുഴുവന്‍ പ്രകാശമായി മാറാനാണ് തന്റെ നിയോഗമെന്ന് അവര്‍ തിരിച്ചറിഞ്ഞു. മുഴുവന്‍ സമയവും ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ വേണ്ടി അവര്‍ തന്റെ ജീവിതം മാറ്റിവച്ചു.
ചെറിയ കാര്യമല്ല, അത്. മനസ്സിലെ നന്മ സുന്ദരമായ നിലാവുപോലെ മറ്റുള്ളവരിലേയ്ക്ക് ഒഴുക്കി വിടുകയെന്നത് ശ്രമകരം തന്നെയാണ്. യാദൃശ്ചികതകളിലൂടെ മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സിന്റെ പ്രിയവധുവായി എത്തിയ മെലിന്‍ഡയ്ക്ക് ആ നന്മ ഒരിക്കലും കൈമോശം വന്നില്ല. തിരക്കേറിയ ലോകത്ത് ഏറ്റവും തിരക്കുള്ള ഈ ദമ്പതിമാര്‍ ചെയ്യുന്നത് ഭൂമിയിലെല്ലാവര്‍ക്കും മാതൃകയാണ്.
1964 ഓഗസ്റ്റ് പതിനഞ്ചിന് ടെക്‌സാസിലെ ദല്ലാസിലായിരുന്നു മെലിന്‍ഡയുടെ ജനനം. ഏഴാംതരത്തില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ മിടുക്കിയായിരുന്ന മെലിന്‍ഡയെ ക്ലാസ് ടീച്ചര്‍ അഡ്വാന്‍സ്ഡ് മാത്ത്‌സിന്റെ ക്ലാസില്‍ ചേര്‍ത്തു. കംപ്യൂട്ടറുകളോടുള്ള പ്രിയം ആരംഭിക്കുന്നത് അവിടെ വച്ചാണ്. ഉര്‍സുലിന്‍ അക്കാഡമിയില്‍ നിന്നും ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ മെലിന്‍ഡ പിന്നീട് ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സും ഇക്കോണമിക്‌സും പഠിച്ചു. 1987ല്‍ എംബിഎ പഠനം പൂര്‍ത്തിയാക്കി. 1987ല്‍ തന്നെയാണ് മൈക്രോസോഫ്റ്റ് കമ്പനിയില്‍ ജോലി ചെയ്യാനെത്തുന്നത്. പ്രോഡക്റ്റ് ഡെവലപ്‌മെന്റ് ആയിരുന്നു മേഖല. പിന്നീട് ഇന്‍ഫര്‍മേഷന്‍ പ്രോഡക്റ്റ്‌സ് വിഭാഗത്തില്‍ ജനറല്‍ മാനേജരായി.
ബില്‍ ഗേറ്റ്‌സുമായുള്ള പ്രണയത്തിനും വിവാഹത്തിനും ശേഷം 1996ല്‍ ആദ്യകുഞ്ഞിന്റെ വരവോടെ കമ്പനി വിടുന്നതുവരെ മെലിന്‍ഡ അവിടെത്തന്നെയുണ്ടായിരുന്നു.
കോളേജില്‍ നിന്നും ബിരുദം നേടി പുറത്തിറങ്ങുമ്പോള്‍ എന്തു ചെയ്യണം, എങ്ങനെ ജീവിക്കണം എന്നൊന്നും മെലിന്‍ഡയ്ക്ക് യാതൊരു പിടിയും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് പുതുതായി തുടങ്ങിയ ഒരു കമ്പനിയില്‍ ജോലിക്ക് ചേരുന്നത്. അപ്പോഴും മെലിന്‍ഡ അറിഞ്ഞിരുന്നില്ല; ലോകം ‘ഏറ്റവും വലിയ പണക്കാരന്‍’ എന്ന് വാഴ്ത്തിപ്പാടാന്‍ പോകുന്ന ഒരാളുടെ കമ്പനിയിലാണ് താന്‍ ജോലിക്ക് ചേര്‍ന്നതെന്നും അയാളുമായി വിട്ടുപിരിയാന്‍ പറ്റാത്ത വണ്ണം പ്രണയത്തിലായി കുറേക്കാലം ഒരുമിച്ചു ജീവിക്കുമെന്നും!
ഈ കമ്പനി ലോകം മാറ്റിമറിക്കാന്‍ പോകുന്ന എന്തൊക്കെയോ ചെയ്തു കൂട്ടുമെന്നും എന്തൊക്കെ വന്നാലും താന്‍ ഈ കമ്പനിയില്‍ നിന്നും മാറാന്‍ പോകുന്നില്ലെന്നും അന്നേ മനസ്സില്‍ കരുതിയിരുന്നു. ആ ഇരുപത്തിമൂന്നുകാരിയില്‍ അധികം വൈകാതെ തന്നെ കമ്പനി സിഇഒ ആകൃഷ്ടനായി. ന്യൂയോര്‍ക്ക് സിറ്റി സെയില്‍സ് മീറ്റിംഗില്‍ വച്ചായിരുന്നു ബില്‍ഗേറ്റ്‌സ് മെലിന്‍ഡയെ ആദ്യമായി കാണുന്നത്. അതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് തന്റെ കൂടെ പുറത്തേയ്ക്ക് വരാന്‍ ബില്‍ഗേറ്റ്‌സ് ആ പെണ്‍കുട്ടിയെ ക്ഷണിച്ചു. അതായിരുന്നു തുടക്കം. രണ്ടു പേര്‍ക്കുമിടയില്‍ പ്രണയം പൊട്ടിവിടരാന്‍ അധികം കാലതാമസമുണ്ടായില്ല.
നീണ്ട ഏഴു വര്‍ഷങ്ങള്‍, പ്രണയവും കമ്പനിയുമായി കടന്നുപോയി. അങ്ങനെ 1995ല്‍ അവര്‍ വിവാഹിതരായി. അതിന്റെ അടുത്ത വര്‍ഷമാണ് വിപ്ലവകരമായ വിന്‍ഡോസ് 95 പുറത്തിറങ്ങുന്നത്. ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച മെലിന്‍ഡ ഒരു തീരുമാനമെടുത്തു. ഇനി ജോലിക്ക് പോകുന്നില്ല. കുഞ്ഞിനു മാതാപിതാക്കളുടെ പരിചരണം ആവശ്യമാണ്. രണ്ടുപേരും ജോലിക്കു പോയാല്‍ അതിനാവശ്യമായ സ്‌നേഹവും കരുതലും വിലകൊടുത്തു വാങ്ങിക്കേണ്ടി വരും. രണ്ടുപേരും ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ കുഞ്ഞുങ്ങളിലേയ്ക്ക് കൂടി പകര്‍ന്നു നല്‍കാന്‍ കഴിയാതെ വരും. ‘ആദ്യം അത് കേട്ടപ്പോള്‍ ബില്‍ഗേറ്റ്‌സ് അമ്പരന്നുപോയി. എന്നാല്‍ പിന്നീട് എനിക്ക് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാന്‍ സാധിച്ചു’ മെലിന്‍ഡ പറയുന്നു.ഇന്ന് ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റി സംഘടനയായ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ രണ്ടുപേരും കൂടി തുടങ്ങുന്നത് 2000ത്തിലാണ്. രണ്ടുപേര്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ച് തങ്ങളുടെ മൂല്യങ്ങള്‍ ലോകത്തിനു മുഴുവന്‍ പ്രകാശമാക്കിത്തീര്‍ക്കുക. അതായിരുന്നു ആ സംഘടന.
1994ല്‍ ബില്‍ ഗേറ്റ്‌സുമായി വിവാഹത്തിനു മുന്‍പുതന്നെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സംഘടന രൂപീകരിക്കാന്‍ ഇരുവരും ചേര്‍ന്ന് ആലോചിച്ചിരുന്നു. ബില്ലിന്റെ പിതാവിന്റെ കൂടി താല്പര്യം ഉണ്ടായിരുന്നു അതില്‍. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ബില്ലിനു പാരമ്പര്യമായി കിട്ടിയതാണ് ദുരിതമനുഭവിക്കുന്ന സഹജീവികളോടുള്ള കാരുണ്യമെന്ന് പറയാം. അറിയപ്പെടുന്ന മനുഷ്യസ്‌നേഹിയായിരുന്നു ബില്ലിന്റെ അമ്മ.
അങ്ങനെ ആദ്യപ്രവര്‍ത്തനങ്ങള്‍ ബില്ലിന്റെ പിതാവായ വില്ല്യം എച്ച് ഗേറ്റ്‌സിന്റെ പേരില്‍ ഒരു ഫൗണ്ടേഷന്‍ രൂപീകരിച്ച് ആരംഭിച്ചു. അന്നവര്‍ താമസിച്ചിരുന്ന വടക്കുപടിഞ്ഞാറന്‍ പസഫിക് പ്രദേശത്തായിരുന്നു രാജ്യാന്തര ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഗേറ്റ്‌സ് ലൈബ്രറി ഫൗണ്ടേഷന്‍ രൂപീകരിച്ചു. പിന്നീട് ഗേറ്റ്‌സ് ലേണിംഗ് ഫൗണ്ടേഷന്‍ എന്ന് പേരു മാറ്റിയ ഇതിന്റെ ലക്ഷ്യം വടക്കേ അമേരിക്കയിലെ പൊതു ലൈബ്രറികളില്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി വ്യാപിപ്പിക്കുക എന്നതായിരുന്നു. പിന്നീട് 1999ല്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സഹായങ്ങള്‍ക്കായി ഒരു ബില്ല്യന്‍ ഡോളര്‍ വകയിരുത്തിയ ഗേറ്റ്‌സ് മില്ലേനിയം സ്‌കോളര്‍ പ്രോഗ്രാം . 2000ത്തില്‍ പേര് മാറ്റി ബില്‍&മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്നാക്കിമാറ്റി. പതിനേഴു ബില്ല്യന്‍ ഡോളര്‍ ആയിരുന്നു അന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്.
2006 ആയപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ കാരുണ്യ സംഘടനയായി ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മാറിക്കഴിഞ്ഞിരുന്നു. ആ വര്‍ഷം തന്നെ Prince of Asturias Award for International Cooperation അവാര്‍ഡ് ഫൗണ്ടേഷന് ലഭിച്ചു. ജൂണില്‍ ശതകോടീശ്വരനായ വാറന്‍ ബഫറ്റ് തന്റെ വകയായി മുപ്പതു ബില്ല്യന്‍ ഡോളര്‍ സംഘടനയ്ക്ക് നല്‍കാനുള്ള സന്നദ്ധത അറിയിച്ചു. ഗേറ്റ്‌സ് ദമ്പതിമാരുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ബഫറ്റ്.
മലേറിയ, എയ്ഡ്‌സ്, ട്യൂബര്‍കുലോസിസ് മുതലായ രോഗങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം കൊടുത്തുകൊണ്ട് ആരോഗ്യമേഖലയില്‍ മികച്ച സേവനമാണ് ഇവര്‍ കാഴ്ച വെക്കുന്നത്. രോഗം പരത്തുന്ന പരാദപ്രാണികളെ നശിപ്പിക്കുകയും പോഷകക്കുറവ് പരിഹരിക്കുന്നതിനായുള്ള സൂപ്പര്‍ഫുഡ് നിര്‍മിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് പുറമേ മറ്റു രാജ്യങ്ങളെയും സമ്പന്നരായ വ്യക്തികളെയും കൂടി തങ്ങളുടെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്. ആഫ്രിക്കന്‍ പഴഞ്ചൊല്ലില്‍ പറയുന്നതു പോലെ, ‘വേഗമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഒറ്റയ്ക്ക് പോവുക, അതല്ല, കൂടുതല്‍ ദൂരം താണ്ടുകയാണ് വേണ്ടതെങ്കിലോ മറ്റുള്ളവരെക്കൂടി ഒപ്പം കൂട്ടുക.’ അതേ, നന്മ ചെയ്യുക മാത്രമല്ല, ചെയ്യിപ്പിക്കുക കൂടി മനുഷ്യന്റെ കര്‍ത്തവ്യമാണെന്ന് തെളിയിക്കുകയാണ് ഇവര്‍ ഇവിടെ.