
ശബരമലയില്‍ കയറാനുള്ള ശ്രമവുമായി എരുമേലിയില്‍ എത്തി പ്രതിഷേധം നകാരണം തിരികെ പോകേണ്ടിവന്ന യുവതിയെ വീട്ടില്‍ നിന്നും വിലക്കി. ചേവായൂരിലെ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് ഇനി തിരികെ വരേണ്ടെന്ന് വിലക്കിയത്. ചേവായൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക ബിന്ദു തങ്കം കല്യാണിയാണ് ശബരിമല പ്രവേശനത്തിന ശ്രമിച്ച് പ്രശ്‌നത്തിലായത്.
വീട്ടില്‍ നി്ന്നും വിലക്കിയതിന് പുറമേ സര്‍ക്കാര്‍ ജോലിയിലും പ്രശ്‌നമുണ്ടാക്കുന്നതായി വിവരം. അറിയിപ്പ് കീട്ടാതെ സ്‌കൂളിലേക്ക് ജോലിക്ക് വരേണ്ടെന്നാണ് അധികൃതരും പറയുന്നത്. അതേസമയം, വാടകവീട്ടില്‍ കയറാന്‍ പറ്റാതായതോടെ അഭയം തേടിയ സുഹൃത്തിന്റെ വീട്ടിലും പ്രതിഷേധം കനക്കുകയാണ്. ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. നേരത്തെ ശബരിമല നടപ്പന്തല്‍ വരെ കയറിയ രഹന ഫാത്തിമയുടെ വീട് സംഘപരിവാറുകാര്‍ അടിച്ച് തകര്‍ത്തിരുന്നു.
ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ ബിന്ദുവിനെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് പൊലീസ് സാഹസികമായി രക്ഷിച്ച് ഇന്നലെ മടക്കി അയക്കുകയായിരുന്നു. രണ്ട് പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം രാവിലെ 9.30ന് എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയ ബിന്ദു ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ടു. ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. സി.ഐയുടെ നേതൃത്വത്തില്‍ ബിന്ദുവിനെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഒത്തുകൂടി. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ ബിന്ദുവിനെ തിരികെ ജീപ്പില്‍ കയറ്റാനായി എത്തിച്ചപ്പോഴേക്കും പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് ജീപ്പില്‍ കയറ്റിയത്.
മുന്നോട്ടെടുത്ത ജീപ്പിന് മുന്നില്‍ കിടന്നും അടിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വാതില്‍ തുറന്ന് ബിന്ദുവിനെ വലിച്ചിറക്കാനും ശ്രമമുണ്ടായി. തുടര്‍ന്ന് കണമല സ്റ്റാന്‍ഡിലെത്തിച്ച് പൊലീസ് സംരക്ഷണത്തോടെ പമ്പ ബസില്‍ കയറ്റി. യാത്രയ്ക്കിടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയുടെ നേതൃത്വത്തില്‍ വട്ടപ്പാറയില്‍ ബസ് തടഞ്ഞു. ബസിലുണ്ടായിരുന്ന അയ്യപ്പ ഭക്തരും സമരക്കാര്‍ക്കൊപ്പം ചേര്‍ന്നു. ബസിന് ചുറ്റും ശരണം വിളിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതോടെ കൂടുതല്‍ പൊലീസെത്തി ബിന്ദുവിനെ പൊലീസ് ജീപ്പില്‍ കയറ്റി ഈരാറ്റുപേട്ട സ്റ്റാന്‍ഡില്‍ എത്തിക്കുകയായിരുന്നു.