ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു. മുഴുവന്‍ സമയസുരക്ഷ തേടിയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയവും സുരക്ഷവേണമെന്നും ഇരുവരും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.
കേസ് നാളെ തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഇവരെ അറിയിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും മറ്റു സുരക്ഷാ ഭീഷണികളെക്കുറിച്ചും വ്യക്തമായി വിശദീകരിച്ചു കൊണ്ടുള്ള ഹര്‍ജിയാണ് ഇരുവരും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ പുറത്ത് ശബരിമല ദര്‍ശനം നടത്തിയ തങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഹര്‍ജിയില്‍ ഇരുവരും ചൂണ്ടിക്കാട്ടുന്നു.