ശബരിമലയ്ക്കുപോയ യുവതി വീട്ടിലെത്തിയില്ലെന്നു പരാതി; യുവതി വീട്ടില്‍ നിന്നിറങ്ങിയത് തിരുവനന്തപുരത്ത് മീറ്റിംഗിന് എന്ന് പറഞ്ഞ്

പോലീസ് സുരക്ഷ ആവശ്യപ്പെടാതെ ശബരിമല ദർശനത്തിന് പുറപ്പെടുകയും സന്നിധാനത്തിന് ഒന്നേകാൽ കിലോമീറ്റർ അടുത്തുവരെ എത്തുകയും ചെയ്ത ശേഷം പോലീസ് മടക്കിയയച്ച യുവതി ഇനിയും വീട്ടിലെത്തിയില്ലെന്ന് പരാതി. പ്രതിഷേധം മൂലം തിരിച്ചിറക്കേണ്ടി വന്ന അങ്ങാടിപ്പുറം സ്വദേശിനി കനക ദുർഗ (39)യെയാണ് കാണാതായത്. 24ന് രാവിലെ ആറേകാലോടെ മലകയറിയ കനകദുഗർഗയും സുഹൃത്തും നീലിമല കടന്നതോടെയാണ് ഭക്തരുടെ ശ്രദ്ധയിൽപെട്ടത്.

കൂടുതൽ പോലീസെത്തിയെങ്കിലും അപ്പാച്ചിമേട്ടിലെത്തിയപ്പോൾ പ്രതിഷേധക്കാർ ശരണംവിളികളുമായി ഇവരെ തടയുകയായിരുന്നു. ചന്ദ്രാനന്ദൻ റോഡ് പകുതിയെത്തിയപ്പോൾ പ്രതിഷേധക്കാരെ മറികടക്കാനാവാതെ വന്നു.തുടർന്ന് യുവതികളെ കസേരയിലിരുത്തി പോലീസും ദ്രുതകർമ സേനയും സ്ട്രൈക്കർ ഫോഴ്സും നിലയുറപ്പിച്ചെങ്കിലും ഒരടി പോലും മുന്നോട്ടു പോകാനായില്ല. മല തിരിച്ചിറങ്ങുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന സാഹചര്യത്തിൽ പോലീസ് തിരികെ പോകാൻ യുവതികളോട് ആവശ്യപ്പെടുകയായിരുന്നു. മല ഇറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുർഗയെ ഡോളിയിൽ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ ടിവി ചാനലിലും മറ്റും കണ്ടാണ് വീട്ടുകാർ വിവരമറിയുന്നത്. സപ്ലൈകോ ജീവനക്കാരിയായ കനകദുർഗ തിരുവനന്തപുരത്ത് മീറ്റിംഗിന് എന്ന് പറഞ്ഞാണ് ഡിസംബർ 21ന് വീട്ടിൽ നിന്ന് ഇറങ്ങിയത്. മഞ്ചേരിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിയ ഇവർ മക്കളെ അവിടെയാക്കിയാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്. കനക ദുർഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞ സഹോദരൻ ഭരതൻ കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിലേക്ക് പോകാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

മാത്രമല്ല കനക ദുർഗയെ പോലീസ് ബന്തവസ്സിൽ മലപ്പുറം ജില്ലയിൽ എത്തിച്ചു നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഡിസ്ചാർജ് ചെയ്ത കനകദുർഗയെ സംബന്ധിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് സഹോദരി രാജലക്ഷ്മിയും ഇക്കഴിഞ്ഞ വ്യാഴാഴ്ച എസ്പിയെ ഫോണിൽ വിളിച്ചു. കനകദുർഗയെ കോഴിക്കോട്, കണ്ണൂർ, തലശേരി എന്നീ സ്ഥലങ്ങളിലൊന്നിൽ എത്തിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി കണ്ണൂർ എസ്പിയുമായി ബന്ധിപ്പെടുത്തിതരാമെന്നുമായിരുന്നു മറുപടി.

എന്നാൽ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരണമൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല കനകദുർഗയുടെ ബന്ധുക്കളുടെ ഫോണ്‍ കോട്ടയം എസ്പി എടുക്കുന്നില്ലെന്നും ആരോപണമുണ്ട്. കനകദുർഗയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും അവരെ കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കൃഷ്ണനുണ്ണി ഇന്നലെ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി.

Top