കൊട്ടാരക്കര: ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍ക്കുന്നതിന് മധ്യസ്ഥനായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. പ്രശ്നം കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സിപിഎം നേതൃത്വം ഗണേഷ് കുമാര്‍ എംഎല്‍എയെ ഇടപ്പെടുത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ഉള്‍പ്പെട്ടത് പാര്‍ട്ടിക്ക് എതിരായി ഉപയോഗിക്കാവുന്ന ആയുധമായി മാറിയിരുന്നു.
പരാതിക്കാരനായ രാകുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രന്‍ പിള്ളയുമായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എക്കും അദ്ദേഹത്തിന്റെ പിതാവ് കെ.ബാലകൃഷ്ണ പിള്ളക്കുമുള്ള സൗഹൃദം മുതലെടുത്താണ് ഇടനിലക്കാരനായി ഗണേഷ് കുമാറിനെ ഇറക്കിയിരിക്കുന്നത്.
കൊട്ടാരക്കരയിലെ ഹൈ ലാന്‍ഡ് ഹോട്ടലില്‍ വെച്ചാണ് പരാതിക്കാരനായ രാകുല്‍ കൃഷ്ണയുമായി ഗണേഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ചയില്‍ പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായാണ് സൂചന. രാജേന്ദ്രന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
എന്‍എസ്എസിന്റെ കൊട്ടാരക്കര താലൂക്ക് യൂണിയന്‍ പ്രസിഡന്റായിരുന്നു രാകുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ്. ഇതുവഴി ഗണേഷ് കുമാറും ബാലകൃഷ്ണ പിള്ളയുമായുള്ള ബന്ധമാണ് കൂടിക്കാഴ്ച്ചക്ക് വഴിതെളിച്ചത്.
എന്നാല്‍, രാഹുലുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ഗണേഷ് കുമാര്‍ എംഎല്‍എ നിഷേധിച്ചു.