തലശ്ശേരി:ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ബിനോയ് കോടിയേരി ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. മുംബൈ സെഷൻസ് കോടതിയെ സമീപിച്ച് ജാമ്യാപേക്ഷ നൽകുമെന്നാണ് അഭിഭാഷകർ വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന തലശേരിയിലെ പ്രമുഖ അഭിഭാഷകനുമായി കൂടിയാലോചന നടത്തിയ ശേഷമാണ് മുംബൈ കോടതിയിലെ അഭിഭാഷകൻ ജാമ്യാപേക്ഷ തയ്യാറാക്കിയത്. യുവതി പല തവണയായി പറഞ്ഞ പരാതികളിലെ വൈരുദ്ധ്യം പ്രധാന വിഷയമാക്കിയാണ് ബിനോയ് കോടതിയെ സമീപിക്കുന്നത്.
തന്നെയും തന്റെ കുടുംബത്തേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പരാതിയെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകനായതുകൊണ്ട് തന്നെ പരാതിക്ക് പിന്നിലെ രാഷ്ട്രീയ മുതലെടുപ്പും ജാമ്യാപേക്ഷയിൽ പരാമർശിക്കുന്നുണ്ട്. തന്നെയും കുടുംബത്തേയും തേജോവധം ചെയ്ത് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഈ പരാതിയെന്നും ബിനോയ് ചൂണ്ടിക്കാണിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിയാലോചന നടത്തിയ ശേഷമാണ് മുൻകൂർ ജാമ്യാപേക്ഷ തയ്യാറാക്കിയത്. അതിനിടെ ബിനോയിയെ തേടി കണ്ണൂരിൽ എത്തിയ മുംബൈ പോലീസ് തിരുവനന്തപുരത്തേക്ക് തിരിക്കും.
ബിനോയിയുടെ പേരിലുള്ള കണ്ണൂരിലെ മൂന്ന് വീടുകളും അടച്ചു പൂട്ടിയ സാഹചര്യത്തിലാണ് വിശദാംശങ്ങൾ തേടി പോലീസ് തലസ്ഥാനത്തേക്ക് തിരിക്കുന്നത്. ഈ രണ്ടംഗ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ച് ബിനോയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ പോലീസ്..