കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇനിയും വൈകും. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന പൊലീസ് ഉന്നതതല യോഗം ആവശ്യമെങ്കില്‍ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിന് അനുമതി നല്‍കി.
ഐജി വിജയ് സാക്കറെയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ബിഷപ്പിനെ വിളിച്ചു വരുത്തുന്നകാര്യത്തില്‍ തീരുമാനമായില്ല. അടുത്തയാഴ്ച്ച അന്വേഷണം സംബന്ധിച്ച് വീണ്ടും യോഗം ചേരും. അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമില്ലെന്ന് ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു. ഐജിയുടെ വീട്ടില്‍ ചേര്‍ന്ന യോഗം പുലര്‍ച്ചെ വരെ നീണ്ടു.
ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഇന്നലെ വൈക്കം ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടികാഴ്ച നടത്തി. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എസ്പി അറിയിച്ചു. വൈകീട്ട് കൊച്ചിയിലെത്താന്‍ കേസിന്റെ മേല്‍നോട്ട ചുമതലയുളള ഐജി വിജയ് സാക്കറെ എസ്പിക്കും ഡിവൈഎസ്പിക്കും നിര്‍ദേശം നല്‍കിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ അന്വഷണ സംഘത്തിന് മേല്‍ സമ്മര്‍ദമുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് തിരക്കിട്ട നീക്കമുണ്ടായത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ജലന്ധറിലെത്തി ചോദ്യം ചെയ്തിരുന്നു. കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ കേസെടുത്ത് 46ാം ദിവസമാണ് ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചത്. രാത്രി എട്ടുമണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ വരെ നീണ്ടിരുന്നു. ഒമ്പത് മണിക്കൂറുകളോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും മൊഴികള്‍ പരിശോധിച്ചതിന് ശേഷം മാത്രമെ അറസ്റ്റുണ്ടാകുവെന്നും അന്വേഷണ സംഘം അന്ന് വ്യക്തമാക്കിരുന്നു.
ബിഷപ്പിന്റെ മൊബൈല്‍ പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ സൈബര്‍ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്കായി ഇവ കൈമാറിയിട്ടുണ്ട്.
2014 മെയ് അഞ്ചിന് തൃശൂരില്‍ വൈദികപട്ടം കൊടുക്കുന്ന ചടങ്ങില്‍ മുഖ്യ കാര്‍മ്മികനായി എത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് മഠത്തിന് കീഴിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് പലപ്പോഴായി 13 തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നുമാണ് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പരാതി.