കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒരു തവണ മാത്രം ചോദ്യം ചെയ്തപ്പോള്‍ തന്റെ മൊഴിയെടുത്തത് 10 തവണയെന്ന് കന്യാസ്ത്രീയുടെ ആരോപണം. വീണ്ടും മൊഴിയെടുക്കുമ്പോള്‍ ബാലിശമായ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും കന്യാസ്ത്രീ പറയുന്നു. ‘കേസ് കൊടുത്ത് 75 ദിവസം പിന്നിടുമ്പോള്‍ കുറ്റവാളിയെന്ന് ആരോപിക്കപ്പെട്ട ബിഷപ്പിനെ ഒരു തവണയാണ് ചോദ്യം ചെയ്തത്. എന്നാല്‍, എന്റെ മൊഴി 10 തവണ രേഖപ്പെടുത്തി’ ബിഷപ്പിനെതിരേ പരാതികൊടുത്ത കന്യാസ്ത്രീ പറഞ്ഞു. വീണ്ടും മൊഴിയെടുക്കുമ്പോള്‍ ബാലിശമായ കാര്യങ്ങളാണ് ചോദിക്കുന്നത്. പലതും മുമ്പ് ചോദിച്ചറിഞ്ഞ കാര്യങ്ങള്‍. നീതിക്കുവേണ്ടി നില്‍ക്കാന്‍ സഭയ്ക്കും കഴിഞ്ഞില്ല. അവര്‍ക്ക് പണവും സ്വാധീനവുമുണ്ട്.
ഇതിനിടയില്‍ അല്പം ആശ്വാസമായി നിന്നത് ചില മാധ്യമപ്രവര്‍ത്തകരും സന്നദ്ധസംഘടനകളും മാത്രമാണെന്നും അവര്‍ പറഞ്ഞു. മഠത്തിലെ നാലുകെട്ട് ഭേദിച്ച് പുറത്തുവരാന്‍ കഴിഞ്ഞത് രണ്ടരവര്‍ഷത്തിന് ശേഷമാണ്. അതുവരെ സഭയിലെ മേലധികാരികളോടാണ് പരാതിപ്പെട്ടത്. ആലഞ്ചേരി പിതാവ്, ഉജ്ജയിന്‍ ബിഷപ്പ്, ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി എന്നിവര്‍ക്ക് പരാതി കൊടുത്തിരുന്നു. പരാതി കൈപ്പറ്റിയതിന് ഒരു രേഖപോലും തരാന്‍ ആരും തയ്യാറായില്ല. റോമിലേക്ക് പരാതി അയച്ചപ്പോഴും ഇതേ അവസ്ഥയാണ് ഉണ്ടായത്. റോമിലേക്ക് ഒരു സ്വകാര്യ കൊറിയര്‍ സര്‍വീസിലൂടെയാണ് പരാതി അയച്ചത്. അവര്‍ നല്‍കിയ കൈപ്പറ്റ് രേഖ കൈയിലുണ്ട്. എന്നാല്‍, പൊലീസില്‍ പരാതിപ്പെട്ട കന്യാസ്ത്രീ ഉള്‍പ്പെടെയുള്ള ആറുപേര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന കത്ത് സഭയില്‍നിന്ന് കിട്ടി. കേസ് തീരുന്നതുവരെ ഇവര്‍ക്ക് സഭയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കത്ത്.