ജലന്ധർ കത്തോലിക്ക ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിൽ വത്തിക്കാൻ ഇടപെടുന്നു. ഫ്രാങ്കോ മുളയ്ക്കലിനോട് ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ വത്തിക്കാന്‍ നിര്‍ദേശിക്കും. സിബിസിഐ പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് ഒസ്വാള്‍ ഗ്രേഷ്യസ് വത്തിക്കാനെ വിവരങ്ങള്‍ അറിയിച്ചു. ഉടന്‍ നടപടിയുണ്ടാകുമെന്നാണ് മുംബൈ അതിരൂപതയിലെ വത്തിക്കാന്‍ പ്രതിനിധികളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ബിഷപ്പിനെതിരായ പരാതി നേരത്തെ തന്നെ വത്തിക്കാന്‍ നിരീക്ഷിച്ച് വരികയായിരുന്നു. മുംബൈയിലുള്ള വത്തിക്കാന്‍ പ്രതിനിധി ന്യൂള്‍ ഷോയ്ക്ക് കന്യാസ്ത്രീകള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ പരാതി കാര്യമായി എടുത്തില്ലെങ്കിലും കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. നിലവില്‍ ജലന്ധറിലും കേരളത്തിലും കന്യാസ്ത്രീകളടക്കമുള്ളവര്‍ വ്യാപക പ്രതിഷേധം നടത്തുന്ന സാഹചര്യവും പൊലീസിലും കോടതിയിലും കേസ് നടക്കുന്ന സാഹചര്യത്തിലുമാണ് വത്തിക്കാന്‍റെ ഇടപെടല്‍. മാര്‍പാപ്പയുടെ ഉപദേശകസമിതിയാ കര്‍ദിനാള്‍ 9ല്‍ ഒരാളായ മുംബൈ അതിരൂപതയുടെ ഓസ്വാള്‍ ഗ്രേഷ്യസ് ബിഷപ്പ് മാറി നില്‍ക്കട്ടെയെന്ന് പ്രസ്താവന നടത്തിയിട്ടുണ്ട്. ഈ പ്രസ്താവന വത്തിക്കാന്‍റെ അറിവോടെയാണെന്നാണ് വിവരം. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നടത്തുന്ന സമരം എട്ടാം ദിവസവും തുടരുകയാണ്.
സമരം തുടരവെ സഭയില്‍ നിന്ന് തന്നെ കൂടുതല്‍ ആളുകളുടെ പിന്തുണ നേടിയെടുക്കാന്‍ കന്യാസ്ത്രീകള്‍ക്ക് കഴിയുന്നുണ്ട്. പൊതുസമൂഹത്തിന്‍റെ പിന്തുണയും വര്‍ധിച്ചുവരിയകയാണ്. സമരത്തില്‍ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി എത്തുന്നുണ്ട്. അതിനിടെ കേസില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന നോട്ടീസ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൈപ്പറ്റി. കേരളാ പൊലീസ് നല്‍കിയ നോട്ടീസ് ജലന്ധര്‍ പൊലീസാണ് ബിഷപ്പിന് കൈമാറിയത്.
ബുധനാഴ്ച കേരളത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്‍. ബുധനാഴ്ച രാവിലെ പത്തു മണിക്കകം ഹാജരാകാനാണ് ബിഷപ്പിന് നൽകിയിരിക്കുന്ന നോട്ടീസ്. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. മൊഴികളിലെ പൊരുത്തക്കേട് ഇപ്പോഴും തുടരുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമം ഊർജ്ജിതമായി നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഷപ്പ് എത്തിയാൽ ചോദ്യം ചെയ്യാനുള്ള ചോദ്യാവലിയും അന്വേഷണസംഘം തയ്യാറാക്കിക്കഴിഞ്ഞു.