
കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് തിരക്കിട്ട നീക്കങ്ങളുമായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചന നടത്തിയെന്ന് റിപ്പോര്‍ട്ട്. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ഹർജി കൊച്ചിയിൽ തയാറാക്കി, അറസ്റ്റ് തടയണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നാണ് സൂചന. ജലന്ധർ കോടതിയെ സമീപിക്കാമെന്നും ബിഷപ്പിന് സുപ്രീം കോടതി അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
കേസിൽ അറസ്റ്റിന് സാധ്യതയേറിയതോടെയാണ് തിരക്കിട്ട നീക്കങ്ങൾ. അതേസമയം ബിഷപ്പ് ചോദ്യം ചെയ്യലിനായി ഹാജരാകുമെന്ന് അടുത്ത വൃത്തങ്ങൾ വിശദമാക്കിയത്. നേരത്തെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സ്ഥാനമൊഴിയുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.തത്ക്കാലം ഭരണച്ചുമതലയിൽ നിന്ന് വിട്ടുനിൽക്കാൻ അനുമതി ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാർപ്പാപ്പയക്ക് കത്തയച്ചു. ജലന്ധർ രൂപതയിൽ വത്തിക്കാൻ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ വത്തിക്കാൻ ബിഷപ്പിനെതിരെ നടപടി എടുക്കുമെന്ന് മുൻകൂട്ടി കണ്ടാണ് ബിഷപ്പിന്റെ നീക്കമെന്നാണ് സഭയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.