കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെയും അവരുടെ സഹപ്രവര്‍ത്തകരെയും അപായപ്പെടുത്താന്‍ ഗൂഢനീക്കം. കന്യാസ്ത്രീകളെ അനുനയിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇവരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന തുടങ്ങിയത്. ഇത് സംബന്ധിച്ച് കന്യാസ്ത്രീകള്‍ക്ക് വിവരം കിട്ടുകയും അവര്‍ അതില്‍ രേഖാമൂലം കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ട് പരാതി നല്‍കുകയും ചെയ്തു. പെരുമ്പാവൂരിനു സമീപം കൂടാലപ്പാട് സ്വദേശിയായ തോമസ് ചിറ്റുപറമ്പിലിനെതിരെയാണ് പരാതി. ജലന്ധര്‍ ബിഷപ്പിന്റെ വലംകയ്യും രൂപതയുടെ നിര്‍മ്മാണ കമ്പനിയുടെ ചുമതലക്കാരനായ വൈദികന്റെ സഹോദരനുമാണ് ഇയാള്‍.
മുന്‍പ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ വീട്ടില്‍ കയറി ഇയാള്‍ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആേരാപിച്ചിരുന്നു. ഭീഷണിയുടെ ശബ്ദരേഖയും മാധ്യമങ്ങളിലുടെ പുറത്തുവന്നിരുന്നു. കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരനും അസം സ്വദേശിയുമായ പിന്റുവിനാണ് കന്യാസ്ത്രീകളെ അപായപ്പെടുത്താന്‍ തോമസ് ചിറ്റുപറമ്പില്‍ നിര്‍ദേശം നല്‍കിയത്. പിന്റുവിനെ നിരന്തരം ഫോണില്‍ വിളിച്ച തോമസ്, കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന ആക്ടിവ സ്‌കൂട്ടറിന്റെ ബ്രേക്ക് തകരാറിലാക്കണമെന്നും വാഹനത്തിന് കേടുപാട് വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ആദ്യമൊക്കെ ഇയാള്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ തോമസിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം ശക്തമായതോടെയാണ് ചൊവ്വാഴ്ച രാവിലെ ഇടവകയില്‍ നടക്കുന്ന ധ്യാനത്തിന് പോകാനിറങ്ങിയ കന്യാസ്ത്രീകളോട് പിന്റു ഇക്കാര്യം തുറന്നുപറഞ്ഞത്. തോമസിനെ ഭയമാണെന്നും ഇനി ഇവിടെ ജോലി ചെയ്യാന്‍ പറ്റില്ലെന്നും പിന്റു അറിയിച്ചതായാണ് വിവരം. പിന്റു നല്‍കിയ വിവരം കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തെ അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ എത്തി വൈകിട്ട് പരാതി നല്‍കുകയുമായിരുന്നു. പരാതിയില്‍ ബുധനാഴ്ച തന്നെ തുടര്‍ നടപടിയുണ്ടാകുമെന്ന് പോലീസ് ഉറപ്പുനല്‍കിയതായും പരാതിക്കാരിയുടെ ബന്ധു പറഞ്ഞു.