കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വത്തിക്കാന്റെ ഇടപെടല്‍ ഉറപ്പായതിനു പിന്നാലെ ഫ്രാങ്കോ മുളയ്ക്കല്‍ രൂപതാ ഭരണം സഹമെത്രാന്‍മാര്‍ക്ക് കൈമാറി. മൂന്നു സഹവൈദികര്‍ക്ക് ചുമതലകള്‍ വീതിച്ചു നല്‍കിക്കൊണ്ട് ഫ്രാങ്കോ സഭയിലെ അംഗങ്ങള്‍ക്ക് കത്തും അയച്ചു.
മാത്യൂ കൊക്കാണ്ടമാണ് അഡ്മിനിസ്‌ട്രേറ്റര്‍. ഫാ. ജോസഫ് തെക്കുംകാട്ടില്‍, ഫാ. സുബിന്‍ തെക്കടത്ത്, ഫാ. ബിബിന്‍ ഓട്ടക്കുന്നേല്‍ എന്നിവര്‍ക്കാണ് മറ്റു ചുമതലകള്‍ വീതിച്ചു നല്‍കിയിരിക്കുന്നത്.
ചോദ്യം ചെയ്യലിനു ഹാജരാകാന്‍ കേരളത്തിലേക്കു വരുന്നതിനു മുന്നോടിയായാണ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ ചുമതലകള്‍ സഹമെത്രാന്‍മാര്‍ക്ക് വീതിച്ചു നല്‍കിയത്. കേസിന്റെ പശ്ചാത്തലത്തിലാണ് ചുമതലകള്‍ കൈമാറിയതെന്ന് ഫ്രാങ്കോ മുളയ്ക്കലും പ്രതികരിച്ചു. വിവാദത്തില്‍പ്പെട്ടപ്പോള്‍ തനിക്കു തന്ന പിന്തുണയ്ക്കും പ്രാര്‍ഥനയ്ക്കും നന്ദിയുണ്ടെന്നും ഫ്രാങ്കോ രൂപതയിലെ വൈദികര്‍ക്കയച്ച കത്തില്‍ പറയുന്നു. അതേസമയം രൂപതയ്ക്കു പുറത്തുപോകുമ്പോഴുള്ള താല്‍ക്കാലിക നടപടിക്രമം മാത്രമാണ് ചുമതലാ കൈമാറ്റമെന്നും കത്തിലുണ്ട്.
ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിഷപ് ചുമതലയില്‍ നിന്ന് മാറിനില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പിന്റെ ചുമതലകളില്‍നിന്ന് സ്വയം മാറിനില്‍ക്കാന്‍ തീരുമാനിച്ചത്.കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൈപ്പറ്റി. 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ഫ്രാങ്കോ പൊലൂീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് രൂപത അധികൃതര്‍ വ്യക്തമാക്കുന്നത്.
ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷണറീസ് ഓഫ് ജീസസിന് എതിരെ പൊലീസ് കേസെടുത്തു. കന്യാസ്ത്രീയുടെ സഹോദരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ സേവ് അവര്‍ സിസ്റ്റര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. രാവിലെ മുതല്‍ സമരപന്തലിലേക്ക് നൂറുകണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.