ദില്ലി: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴിയിൽ പൊരുത്തക്കേട് .കന്യാസ്ത്രീ പീഡനം നടന്നുവെന്ന് പറയുന്ന തീയതികളിൽ താൻ കുറവിലങ്ങാട്ടില്ലായിരുന്നു എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ബിഷപ്പ്. ഈ കാര്യത്തിൽ കൂടുതൽ വ്യക്ത വരുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കുകയുള്ളു.
എന്നാൽ പരാതിയിൽ പറഞ്ഞ ദിവസം മഠത്തിൽ പോയില്ലെന്ന വാദം കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. അന്ന് മഠത്തിൽ എത്തിയതിന്‍റെ തെളിവും മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയുള്ളൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇന്ന് ദില്ലിയിലെത്തുന്ന സംഘം നാളെ കേരളത്തിലേക്ക് തിരിക്കും.
ഇന്നലെ രാത്രി തുടങ്ങിയ ഒൻപത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണ സംഘം മടങ്ങിയിരുന്നു. പീഡനപരാതിയിൽ പറയുന്ന തീയതിയിൽ കുറവിലങ്ങാട്ടെത്തിയില്ലെന്ന വാദത്തിൽ ബിഷപ്പ് ഉറച്ചു നിന്നിരുന്നു. എന്നാല്‍ അവശ്യമെങ്കില്‍ വീണ്ടും ബിഷപ്പ് ഹൗസിലെത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെ കേരളത്തില്‍ തിരിച്ചെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ബിഷപ്പ് ഹൗസില്‍ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നേകാലിന് എത്തിയ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനായി രാത്രി എട്ടു മണിവരെ കാത്തിരുന്നു. രാത്രി എട്ടു മണി മുതൽ പുലര്‍ച്ചെ അഞ്ചു വരെ ചോദ്യം ചെയ്യൽ നീണ്ടു. ബലാല്‍സംഗത്തിന് ഇരയായെന്ന കന്യാസ്ത്രീ പരാതിപ്പെട്ട ആദ്യ തീയതിയിൽ പോലും കുറവിലങ്ങാട് മഠത്തിൽ എത്തിയിട്ടില്ലെന്ന വാദത്തിൽ ചോദ്യം ചെയ്യലിൽ ഉടനീളം ബിഷപ്പ് ഉറച്ചു നിന്നു.
അതേസമയം ബിഷപ്പിന്‍റെ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് പരിശോധന അന്വേഷണസംഘം കേരളത്തില്‍ എത്തിയ ശേഷമേയുണ്ടാകൂ. എന്നാൽ ചോദ്യം ചെയ്യലോടെ കേസ് അവസാനിച്ചുവെന്ന് ഉറച്ച ആത്മവിശ്വാസത്തിലാണ് ബിഷപ്പിന്‍റെ അനുകൂലികള്‍. മുൻകൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കില്ലെന്ന് രൂപത പ്രതിനിധികള്‍ വ്യക്തമാക്കുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ് ബിഷപ്പ് ഹൗസിൽ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഈ സമയം ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ ഇല്ലായിരുന്നു. ഇതോടെ ബിഷപ്പിനെ ചോദ്യം ചെയ്യുന്നുവെന്ന കേരള പൊലീസിന്റെ വാദം പൊളിഞ്ഞു. ഫ്രാങ്കോ മുളയ്ക്കൽ രാത്രി 7.15ന് മാത്രമാണ് ബിഷപ്പ് ഹൗസിലെത്തിയത്. ഫ്രാങ്കോ മുളയ്ക്കലിന്‍റെ വാഹനമെത്തിയപ്പോൾ നാടകീയ രംഗങ്ങള്‍ ബിഷപ്പ് ഹൗസിൽ അരങ്ങേറി.
അദ്ദേഹത്തിന്‍റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ബിഷപ്പ് ഹൗസിലെ സുരക്ഷാ ജീവനക്കാർ കയ്യേറ്റം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ക്യാമറാമാൻ മനു സിദ്ധാർത്ഥ് അടക്കമുള്ള മാധ്യമപ്രവർത്തകർക്ക് ഉന്തിലും തള്ളിലും പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ക്യാമറയും തകർന്നു. ഇതെല്ലാം നടക്കുമ്പോൾ പഞ്ചാബ് പൊലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായ സമയത്ത് പൊലീസ് ഇടപെട്ടില്ല. ഒരു സംഘം മാധ്യമപ്രവർത്തകരെ ബിഷപ്പ് ഹൗസിനുള്ളിൽ തടഞ്ഞുവെച്ചു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി ബിഷപ്പ് ഹൗസിലെത്തിയ അന്വേഷണ സംഘം 5 മണിക്കൂർ നേരം കാത്തിരുന്ന ശേഷമാണ് ബിഷപ്പ് എത്തിയത്. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് ബിഷപ്പ് അറിയിച്ചിരുന്നെങ്കിലും അന്വേഷണ സംഘം എത്തിയപ്പോൾ ബിഷപ്പ് സ്ഥലത്തില്ലായിരുന്നു. പിന്നീട് പഞ്ചാബ് പോലീസിന്റെ സഹായത്തോടെയാണ് ബിഷപ്പിനെ 5 മണിക്കൂറിന് ശേഷം തിരികെ എത്തിക്കുകയായിരുന്നു.നിലവിലെ ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരുത്താൻ കൂടുതൽ പരിശോധനയ്ക്കായി ബിഷപ്പിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ബിഷപ്പിനെ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കും. കൂടുതൽ ശാസ്ത്രീയ പരിശോധനകളും ശാസ്ത്രീയ തെളിവുകളും ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധനകൾ കേരളത്തിലെത്തിയ ശേഷം നടത്തും.