കന്യാസ്ത്രീയുടെ പീഡനം: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകും. കൂടുതല്‍ തെളിവെടുപ്പിന് ശേഷമായിരിക്കും അറസ്റ്റെന്ന് കോട്ടയം എസ്പി. ഹരിശങ്കര്‍ പറഞ്ഞു. ജലന്ധറില്‍ മൊഴിയെടുപ്പും തെളിവെടുപ്പും തുടരുകയാണ്.ഇന്ന് ചോദ്യം ചെയ്യല്‍ നടപടിയുണ്ടാവുമെന്ന വാര്‍ത്തയെ തുടര്‍ന്ന് കൂട്ടമായി സഭാ വിശ്വാസികള്‍ ബിഷപ്പ്ഹൗസിലേക്ക് എത്തുന്നുണ്ട്.

എന്നാല്‍ ക്രമസമാധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ട സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി. സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന ആറംഗ സംഘമാണ് ചോദ്യം ചെയ്യലിനായി ജലന്ധറിലെത്തിയിരിക്കുന്നത്.രൂപതയിലെ ഉയര്‍ന്ന തസ്തികയിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും മൊഴി എടുക്കും. ഡിജിറ്റല്‍ തെളിവുകള്‍ കൂടി ശേഖരിച്ച ശേഷമായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക. ഭാരത് ബന്ദ് കഴിഞ്ഞു ജലന്ധറില്‍ എത്തിയാല്‍ മതിയെന്ന പഞ്ചാബ് പോലീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അന്വേഷണ സംഘം ഇന്ന് ജലന്ധറിലെത്തിയത്.55 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയുമായാണ് വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജലന്ധറിലെത്തിയിരിക്കുന്നത്.തെളിവെടുപ്പിന് ശേഷം പീഡനാരോപണം ശരിയാണെന്നു അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടാല്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയായിരിക്കും അറസ്റ്റ് ചെയ്യുക.

Top