ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്ഥനിൽ നിന്ന് 10കോടിയടുത്ത് രൂപ പിടിച്ചെടുത്ത സംഭവം: ഫാദർ ആന്റണി മാടശേരിക്ക് മതിയായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല

പട്ന : ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്ഥന്‍ രേഖകളില്ലാത്ത പണവുമായി പോലീസ് പിടിയിലായ ഫാദർ ആന്റണി മാടശേരിക്ക് പിടിച്ചെടുത്ത 9.66 കോടി രൂപയ്ക്ക് മതിയായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. സന്നദ്ധ സംഘടനകളുടെ ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് ആന്റണി മാടശേരി കള്ളപ്പണം വെളുപ്പിക്കുകയായിരുന്നുവെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. പിടിച്ചെടുത്ത 9.66 കോടിയുടെ സ്രോതസ് ഹാജരാക്കാനായില്ല. ആദായനികുതി നിയമത്തിലെ 80 ജി 12 എ വകുപ്പുകളുടെ ലംഘനം ഉണ്ടായെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമായിട്ടുണ്ട്. ഫ്രാങ്കോ മുളക്കലിനെതിരെ ഉയര്‍ന്ന പീഡനപരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെടലുകള്‍ നടത്തിയെന്ന് ആരോപിക്കപെട്ട വൈദികനാണ് ആന്റണി മാടശേരി.

എന്നാല്‍ വാഹനങ്ങള്‍ റെയ്ഡ് ചെയ്തല്ല കമ്പനിയില്‍ കടന്നുകയറിയാണ് പണം പിടിച്ചെടുത്തതെന്ന് വൈദികൻ പറഞ്ഞു. മുഴുവന്‍ പണവും പൊലീസ് ആദായനികുതി വകുപ്പിന് കൈമാറിയില്ലെന്നും ഫാദര്‍ ആന്റണി മാടശേരി ആരോപിച്ചു.റെയ്ഡില്‍ പിടിച്ചെടുത്ത 9 കോടി 66 ലക്ഷം രൂപയ്ക്ക് ഇനിയും രേഖകള്‍ ഹാജരാക്കന്‍ ഫാദര്‍ ആന്റണി മാടശേരിയ്ക്ക് കഴിഞ്ഞിട്ടില്ല. ആദായ നികുതി നിയമത്തിലെ 12എ, 80ജി വകുപ്പുകളുടെ ലംഘനമുണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സന്നദ്ധ സംഘടനകൾക്ക് ലഭിക്കുന്ന സംഭാവനക്ക് ആദായ നികുതി നിയമത്തിൽ നൽകുന്ന ഇളവ് ദുരുപയോഗപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കാൻ ഫാ.ആന്‍റണി ശ്രമിച്ചോ എന്ന് ഇൻകം ടാക്സ് അന്വേഷിക്കും.

എന്നാല്‍, പഞ്ചാബ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന ഫാദര്‍ ആന്റണി മാടശേരി, ഹൈവേയിലെ റെയ്ഡിലൂടെ പണം പിടിച്ചെടുത്തെന്ന പൊലീസ് വാദം തെറ്റാണെന്ന് പറഞ്ഞു. സഹോദയ കമ്പനിയില്‍ കടന്നുകയറി തോക്ക് ചൂണ്ടിയാണ് പണം പിടിച്ചെടുത്തത്. ഖന്ന എസ്.എസ്.പിയുടെ നേതൃത്വത്തില്‍ 16 കോടി 65 ലക്ഷം പിടിച്ചെടുത്തെങ്കിലും 9 കോടി 66 ലക്ഷം മാത്രമാണ് ആദായനികുതി വകുപ്പിന് നല്‍കിയത്. ബാക്കി പണം എവി‍ടെയെന്ന് പൊലീസ് വ്യക്തമാക്കണമെന്നും വൈദികൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സഹോദയ കമ്പനിയുടേതാണ് പണമെന്നും എസ്.എസ്.പിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെന്നും ആന്റണി മാടശേരി പറഞ്ഞു.

പത്ത് കോടി രൂപയുടെ കള്ളപണവുമായി ആന്റണി മാടശേരിയെ വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് പിടികൂടിയത്. വാഹന പരിശോധനക്കിടെ കണക്കില്‍ കൂടുതല്‍ പണം ഇയാളുടെ പക്കലില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. ആന്റണിയെ കൂടാതെ മറ്റ് ആറു പേരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസ് പിന്നീട് ആദായനികുതി വകുപ്പിന് കൈമാറി.

Top