![](https://dailyindianherald.com/wp-content/uploads/2018/09/franco-mulakkal1.png)
ഡല്‍ഹി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ പോലീസ് അറസ്റ്റു ചെയ്ത ഫ്രാങ്കോ മുളയ്ക്കലിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ജലന്ധറിലെ മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീ സമൂഹത്തിലെ അംഗങ്ങള്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കി. 17 കന്യസ്ത്രീകളുടെ സംഘം മുഖ്യമന്ത്രിയെ കണ്ട ശേഷം കേരളത്തിലേക്ക് തിരിച്ചു. ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.
സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയെ കേരളാ ഹൗസില്‍ കാണാന്‍ ജലന്ധറില്‍ നിന്ന് അഞ്ചു വണ്ടികളിലായാണ് 17 കന്യാസ്ത്രീകള്‍ എത്തിയത്. നിരപരാധിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. കേസ് ബിഷപ്പിനെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. ബിഷപ്പിന് അനുകൂലമായി മൊഴി നല്‍കുന്നവരെ പൊലീസ് അസമയങ്ങളില്‍ മഠങ്ങളില്‍ കയറി ഭീഷണിപ്പെടുത്തുന്നു. മുഖ്യമന്ത്രി അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മിഷണറീസ് ഓഫ് ജീസസ് പി.ആര്‍.ഒ സിസ്റ്റര്‍ അമല പറഞ്ഞു. കന്യസ്ത്രീ സമൂഹം ഒട്ടാകെ ബിഷപ്പിനൊപ്പമാണെന്നും അദ്ദേഹം ഒറ്റയ്ക്കാണെന്ന് ആരും ധരിക്കേണ്ടെന്നും സിസ്റ്റര്‍ അമല പറഞ്ഞു.