
ഹൈദരാബാദ്: കര്‍ണാടകത്തില്‍ പയറ്റിയ അടവുകളെല്ലാം പാളിപ്പോയ സാഹചര്യത്തില്‍ ബിജെപി ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെലങ്കാന സംസ്ഥാനത്തില്‍. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഫോക്കസ് സംസ്ഥാനം തെലങ്കാനയാണെന്ന് സംസ്ഥാന പാര്‍ട്ടി പ്രസിഡന്റ് കെ.ലക്ഷ്മണന്‍ പറഞ്ഞു.
തെലങ്കാനയില്‍ ഭരണം പിടിക്കാനായി ഓരോ മണ്ഡലങ്ങളിലും ബൂത്തുതലം മുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി. ഇതിനായി ഒരു പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ മുഴുവന്‍ ലിസ്റ്റും തയാറാക്കി ഒരു പ്രവര്‍ത്തകനെ ചുമതലയേല്‍പ്പിക്കും. ‘പന്നാ പ്രമുഖ്’ എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിലും ബിജെപി വിജയകരമായി പരീക്ഷിച്ച് വിജയിച്ച സംവിധാനമാണിത്.
ഇത്തരത്തില്‍ 40 മുതല്‍ 50 മണ്ഡലങ്ങളില്‍ വരെ മുഴുവന്‍ ബൂത്തുകളിലും ആളുകളെ നിയോഗിച്ചു കഴിഞ്ഞു. ബാക്കി മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
അമിത് ഷാ നേതൃത്വം നല്‍കിയ ഒരു മീറ്റിങ് ഡല്‍ഹിയില്‍ നടന്നിരുന്നു. തെലങ്കാനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം പറഞ്ഞത്. ഇതിനൊപ്പം ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ബിജെപി പ്രവര്‍ത്തനം ശക്തമാക്കുമെന്നും ലക്ഷ്മണ്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.