യതീഷ് ചന്ദ്രയെ വിമർശിച്ച് ബിജെപി പുലിവാല് പിടിച്ചു: പുതുവൈപ്പ് സമരത്തെ അടിച്ചൊതുക്കിയത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശം അനുസരിച്ച്; നിദേശം നൽകിയ കേന്ദ്ര ഐബി

സ്വന്തം ലേഖകൻ

കൊച്ചി: പുതുവൈപ്പിൻ ലാത്തിചാർജിന്റെ പേരിൽ എ.എസ്പി യതീഷ് ചന്ദ്രയെ ക്രൂശിക്കാനുള്ള നീക്കം പാളി. 18ന് പുതുവൈപ്പിനിൽ പൊലീസ് ലാത്തിചാർജ് നടക്കുമ്പോൾ യതീഷ് ചന്ദ്ര ജില്ലയിൽ തന്നെ ഇല്ലായിരുന്നു എന്ന കാര്യമാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇതോടെയാണ് മാധ്യമങ്ങളുടെ കള്ളപ്രചരണം പൊളിഞ്ഞത്. പ്രധാനമന്ത്രിയുടെ സുര്ക്ഷയെ മുൻ നിർത്തി ഐബി നിർദേശം അനുസരിച്ചാണ് ഹൈക്കോടതി ജംക്ഷനിൽ ലാത്തി ചാർജ് നടത്തിയതെന്ന വിവരം കൂടി പുറത്തു വന്നതോടെ ബിജെപി വെട്ടിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി വരുന്നതിന് തലേ ദിവസം നടന്ന പൊലീസ് നടപടി മാത്രമാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ നടന്നത്.

എന്നാൽ കാര്യങ്ങൾ മനസ്സിലാക്കാതെ ‘ചില’ കേന്ദ്രങ്ങളുടെ നിർദ്ദേശ പ്രകാരം സമരക്കാരിൽ ചിലർ യതീഷ് ചന്ദ്രയെ മന:പൂർവ്വം ടാർഗറ്റ് ചെയ്യുകയായിരുന്നു.

മാധ്യമങ്ങളും കാര്യങ്ങൾ പരിശോധിക്കാതെ വാർത്ത കൊടുത്തതിനാൽ പ്രത്യക്ഷത്തിൽ ‘വില്ലൻ’ പരിവേഷമാണ് യതീഷ് ചന്ദ്രക്ക് ലഭിച്ചിരുന്നത്.

ഹൈക്കോടതി പരിസരത്തും, ഐ.ജി ഓഫീസിനു മുന്നിലും 16ന് സമരക്കാർ നടത്തിയ ഉപരോധമാണ് മേലുദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ക്ലിയർ ചെയ്തത്.

പ്രധാനമന്ത്രി 17ന് കടന്നു പോകേണ്ട റൂട്ടിൽ ബോംബ് സ്‌ക്വാഡിന്റെ പരിശോധനയടക്കം പൊലീസ് പൂർത്തിയാക്കി നിൽക്കെ നടന്ന അപ്രതീക്ഷിത സമരം പൊലീസിനെ മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷക്കായി ഡൽഹിയിൽ നിന്നെത്തിയ എസ്.പി.ജി ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരുന്നു.

അന്ന് നടത്തിയ ബലപ്രയോഗം അനിവാര്യമായ നടപടിയായിരുന്നുവെന്ന ഉറച്ച നിലപാടിൽ തന്നെയാണ് യതീഷ് ചന്ദ്ര ഇപ്പോഴും.

പ്രധാനമന്ത്രിക്ക് ഗുരുതര ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ കൂടി അടിസ്ഥാനത്തിൽ ജാഗ്രത പാലിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വം തന്നെയാണെന്നാണ് ഡി.ജി.പിയടക്കം ഉന്നത ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.

16ന് ബോൾഗാട്ടിക്കടുത്ത് റോഡ് തടഞ്ഞ് പ്രശ്നമുണ്ടാക്കിയവർ പിന്നീട് പൊലീസിന്റെ എതിർപ്പ് അവഗണിച്ച് ഐജി ഓഫീസിനു മുന്നിലേക്കും ഹൈക്കോടതി പരിസരത്തേക്കും സമരം വ്യാപിപ്പിക്കുകയായിരുന്നു. തുടർന്നായിരുന്നു ഡി.സി.പിയുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് സമരക്കാരെ നീക്കം ചെയ്തിരുന്നത്.

റോഡ് ഉപരോധത്തിനു പിന്നാലെ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ തീവ്രനിലപാടുള്ള ചില സംഘടനകൾ ഇടപെട്ടുവെന്ന ഗുരുതരമായ റിപ്പോർട്ടും പൊലീസിന് ലഭിച്ചിരുന്നു. അതിനാൽ തന്നെ സമരത്തിന്റെ ഭാഗമായി 17ന് കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഇതു സംബന്ധമായ മഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു ശേഷം ഞായറാഴ്ച വൈപ്പിനിൽ ഐ.ഒ.സി ടെർമിനലിന്റെ പ്രവർത്തനം തടയാൻ ശ്രമിച്ചത് ലാത്തിചാർജിൽ കലാശിച്ചതോടെ ഈ പഴിയും യതീഷ് ചന്ദ്രയുടെമേൽ ചാർത്തിക്കൊടുക്കുകയായിരുന്നു.

സ്ഥലത്ത് അന്നേ ദിവസം ഡി.സി.പി ഇല്ല എന്നത് പരിഗണിക്കാതെയായിരുന്നു കുറ്റാരോപണം. 16ലെ പൊലീസ് നടപടിയിലെ വിരോധമാണ് ഇതിനു കാരണമെന്നാണ് പറയപ്പെടുന്നത്.

യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ടവരിൽ ബിജെപിയാണ് പ്രധാനമായും ഇപ്പോൾ വെട്ടിലായിരിക്കുന്നത്. കേന്ദ്രത്തിന്റെ നിർദേശപ്രകാരമുള്ള ജാഗ്രതയുടെ ഭാഗമായിക്കൂടിയാണ് പൊലീസ് നടപടി എന്ന് വ്യക്തമായതാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

അതേസമയം ഡിസിപി യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണമെന്ന സിപിഐ അടക്കമുള്ളവരുടെ ആവശ്യത്തിന് മുന്നിൽ വഴങ്ങേണ്ടതില്ലന്നാണ് സർക്കാർ തീരുമാനമെന്നാണ് സൂചന.

Top