കൊച്ചി: കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ബിജെപിക്ക് വളരെ പ്രതീക്ഷയുള്ള രണ്ട് സീറ്റുകളാണ് ഉള്ളത്. വട്ടിയൂർക്കാവും മഞ്ചേശ്വരവുമാണ് ആ മണ്ഡലങ്ങൾ. കൂടാതെ ശബരിമല വിഷയത്തിന് ശേഷം ബിജെപി സ്വാധീനം വർദ്ധിപ്പിച്ച കോന്നിയും പാർട്ടി വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ ഗണത്തിലാണ് എണ്ണുന്നത്. എന്നാൽ ഇവിടങ്ങളിൽ ബിജെപിയെ ആകെ വെട്ടിലാക്കിയിരിക്കുകയാണ് മുതിർന്ന നേതാക്കൾ.
വിജയ സാധ്യതുള്ള മൂന്ന് സീറ്റിലും സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ വലയുകയാണ് ബി.ജെ.പി നേതൃത്വം. വട്ടിയൂർകാവിൽ കുമ്മനം രാജശേഖരനാണ് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥി. എന്നാൽ താൻ മത്സരിക്കുന്നില്ലെന്ന് കുമ്മനം തീർത്ത് പറഞ്ഞിരിക്കുകയാണ്. കുമ്മനത്തിനല്ലാതെ മറ്റൊരാൾക്കും വട്ടിയൂർക്കാവിൽ ശോഭിക്കാനാവില്ല. ഇതേ അവസ്ഥയാണ് മഞ്ചേശ്വരത്ത് നിന്നും കെ. സുരേന്ദ്രൻ പിന്മാറിയതിലൂടെ സംഭവിക്കുന്നത്.
കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് പീന്നീട് പാർട്ടി വിജയസാദ്ധ്യത കൽപ്പിക്കുന്നത്. എന്നാൽ ഇവിടെ മത്സരിക്കാൻ മുൻ നിര നേതാക്കളാരും തയ്യാറാകാത്തതാണ് പാർട്ടിയെ കൂടുതൽ കുഴപ്പത്തിലാക്കുന്നത്. സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിനായി സംസ്ഥാന ഭാരവാഹികളുടെ അടിയന്തരയോഗം ഇന്നു കൊച്ചിയിൽ ചേരും. ആദ്യം കോർ കമ്മിറ്റി യോഗവും തുടർന്നു ഭാരവാഹി യോഗവും നടക്കും.
ഇതിനിടെ മഞ്ചേശ്വരത്ത് കോൺഗ്രസ് നേതാവായ സുബ്ബയ്യറായിയെ മത്സരിപ്പിക്കാൻ ബി.ജെ.പി ശക്തമായി ശ്രമിക്കുന്നുണ്ട്. മുൻ എം.പി രാമറായിയുടെ മകനായ സുബ്ബയ്യറായിയുടെ പേര് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് കോൺഗ്രസിൽ പ്രചരിച്ചെങ്കിലും അവസാനനിമിഷം രാജ്മോഹൻ ഉണ്ണിത്താന് നറുക്ക് വീഴുകയായിരുന്നു. അതിൽ സുബ്ബയ്യറായിക്ക് നീരസമുണ്ടായിരുന്നു. അദ്ദേഹത്തെ ബി.ജെ.പി പാളയത്തിലെത്തിക്കാനുള്ള ചരടുവലികൾ സജീവമാണ്. സുബ്ബയ്യറായിക്ക് പുറമേ സതീശ് ഭണ്ഡാരി, രവീശ തന്ത്രി, ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് എന്നിവരുടെ പേരുകളാണുള്ളത്. ഭണ്ഡാരിക്കാണ് സാദ്ധ്യത കൂടുതൽ. കോന്നിയിൽ കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരെയാണു പരിഗണിക്കുന്നത്. സുരേന്ദ്രൻ സന്നദ്ധത അറിയിച്ചിട്ടില്ല.