കാസര്‍ഗോഡ്: സിപിഎമ്മിനെ വെല്ലുവിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പാര്‍ട്ടി ഗ്രാമമായ ചിമ്മേനിയില്‍ പ്രകടനം നടത്തി. കലാപമുണ്ടായാലും ചീമേനിയില്‍ സംഗമം നടത്തി പതാക ഉയര്‍ത്തുമെന്ന ബിജെപി. നേതാവ് പി.കെ. കൃഷ്ണദാസിന്റെ വെല്ലുവിളി ബിജെപി പ്രവര്‍ത്തകര്‍ നടപ്പാക്കുകയായിരുന്നു.
ഒരാഴ്ച മുമ്പ് ബിജെപി.യുടെ പോഷകസംഘനാ നേതാക്കള്‍ ചീമേനിയില്‍ വച്ച് അക്രമിക്കപ്പെട്ടതോടെയാണ് രണ്ടും കല്‍പ്പിച്ച് ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേക്ക് പദയാത്ര നടത്തി പ്രതിഷേധസംഗമത്തിന് ബിജെപി. ഒരുങ്ങിയത്. പൊലീസോ സിപിഎമ്മോ സംഗമം തടയാന്‍ വരുന്നത് കാണട്ടെയെന്ന് കൃഷ്ണദാസ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ചെങ്കോട്ടയായ ചീമേനിയും പരിസരപ്രദേശങ്ങളും പുകയുകയായിരുന്നു. രാഷ്ട്രീയപകയില്‍ ഒട്ടേറെ പേരുടെ ജീവന്‍ ഹോമിക്കപ്പെട്ട പഴയകാലത്തിലേക്ക് ചീമേനി നീങ്ങുകയാണെന്ന ഭയാശങ്കകളും ജനങ്ങളില്‍ ഉടലെടുത്തിരുന്നു.
ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേക്ക് ബിജെപി. നടത്തിയ ജനാധിപത്യ സംരക്ഷണ പദയാത്ര തുടക്കം മുതല്‍ പ്രകോപനപരമായിരുന്നു. ജാഥയുടെ പിന്‍ഭാഗത്തു നിന്നും സിപഎമ്മിനെതിരേയും നേതാക്കള്‍ക്കെതിരേയും പ്രകോപന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. പദയാത്ര കടന്നു പോകേണ്ടുന്ന റൂട്ട് ലംഘിച്ച് ചെറുവത്തൂര്‍ ബസ്സ് സ്റ്റാന്‍ഡിലേക്ക് കടക്കുകയും ചെയ്തു. ഇതാണ് സംഘര്‍ഷം ക്ഷണിച്ചു വരുത്തിയത്.
ജാഥക്കു നേരെ സിപിഎം അനുകൂലികള്‍ കല്ലേറു നടത്തി. അതോടെ ജാഥ ചിതറി. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ചെയ്തു. ഇരു വിഭാഗത്തിലും പെട്ട അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ എന്തും സംഭവിക്കുമെന്ന ആശങ്കയിലായിരുന്നു ജനം.
സംഘര്‍ഷം അയവു വന്നപ്പോള്‍ പദയാത്ര വീണ്ടും ആരംഭിക്കാന്‍ ബിജെപി. നേതൃത്വം തയ്യാറായി. സിപിഎം മോസ്‌ക്കോ എന്ന് വിശേഷിക്കപ്പെടുന്ന കയ്യൂര്‍ ചീമേനിയില്‍ ജാഥ പ്രവേശിക്കാനിരിക്കേ ജനങ്ങള്‍ ചീമേനി നഗരത്തില്‍ നിന്നും കൂട്ടമായി ഒഴിഞ്ഞു പോയി. പാര്‍ട്ടിഗ്രാമത്തില്‍ സാന്നിധ്യമുണ്ടാക്കുമെന്ന വാശിയിലായിരുന്നു ബിജെപി. അതിന് ബിജെപി.യുടെ സംസ്ഥാന നേതൃത്വം വരെ പച്ചക്കൊടി കാട്ടിയിരുന്നു. അതോടെ അടുത്ത കാലത്തൊന്നുമില്ലാത്ത പിരിമുറുക്കമായിരുന്നു ജനമനസ്സുകളില്‍. ഒരു മണ്ഡലം കമ്മിറ്റി പദയാത്രയില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുക്കുന്നത് ചരിത്രത്തില്‍ അപൂര്‍വ്വമാണ്. പദയാത്ര പുറപ്പെട്ടപ്പോള്‍ തന്നെ ചെറുവത്തൂരില്‍ സംഘര്‍ഷം നടന്ന വിവരം അറിഞ്ഞതോടെ ചീമേനി ടൗണിലും പരിസരത്തുമുള്ള തൊഴിലാളികള്‍ അവധിയെടുത്തും ജോലി മതിയാക്കിയും സ്ഥലം വിട്ടിരുന്നു. രാഷ്ട്രീയ അനുഭാവികളെ വീട്ടുകാര്‍ തിരിച്ചു കൊണ്ടുപോവുകയും ചെയ്തു.
2001 ലും സമാനമായ അവസ്ഥ ചെറുവത്തൂരിലും നടന്നിരുന്നു അന്ന് മന്ത്രിയായ ചെര്‍ക്കളം അബ്ദുള്ളക്ക് നല്‍കിയ സ്വീകരണ ഘോഷയാത്രക്ക് നേരെയാണ് അക്രമം നടന്നത്. ഘോഷയാത്ര ചെറുവത്തൂര്‍ ബസ്സ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ തന്നെ എല്‍.ഡി.എഫുകാര്‍ അക്രമം നടത്തുകയായിരുന്നു. അതിന്റെ അലയൊലികള്‍ ഏറെക്കാലം നിലനിന്നു. ചെറുവത്തൂര്‍ സംഘര്‍ഷം യുദ്ധ സമാനമാകുമായിരുന്നെങ്കിലും പൊലീസിന്റെ ഇടപെടലാണ് സംഘര്‍ഷാവസ്ഥ അതിരു കടക്കാതിരിക്കാന്‍ കാരണം.
ദേശീയ പാതയിലേക്ക് പദയാത്രയിലെ പ്രവര്‍ത്തകര്‍ വീണ്ടും കടന്നപ്പോള്‍ എതിര്‍ ദിശയില്‍ സിപിഐ.(എം. )കാര്‍ തമ്പടിച്ചതിനാല്‍ അതുവഴി പോകരുതെന്ന് പൊലീസ് വിലക്കിയെങ്കിലും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തരുതെന്ന് പറഞ്ഞ് ബിജെപി. ആര്‍എസ്എസ്. നേതാക്കളായ കെ. സുരേന്ദ്രന്‍, വല്‍സന്‍ തില്ലങ്കേരി എന്നിവര്‍ ദേശീയപാതയില്‍ കുത്തിയിരുപ്പു നടത്തി. ഇതോടെ സിപിഐ-എം. പ്രവര്‍ത്തകരും അങ്ങോട്ടേക്ക് നീങ്ങി. പൊലീസിന്റെ സമയോജിതമായ ഇടപെടലിലൂടെയാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്.
ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും പ്രവര്‍ത്തിക്കാനും ആശയ പ്രചരണത്തിനും ഭരണഘടന അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും എ.കെ.ജി. സെന്ററില്‍ നിന്നുള്ള ഔദാര്യമല്ലെന്നും ബിജെപി. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ സംഗമം ഉത്ഘാടനം ചെയ്ത് പറഞ്ഞു.