
പാലക്കാട് : ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഒത്തു തീർപ്പുണ്ടായെന്ന് തൃത്താല എം.എൽ.എ വിടി ബലറാം പരസ്യമായി പറഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പൊലീസ് മേധാവിക്കും പാലക്കാട് പൊലീസ് സൂപ്രണ്ടിനും പരാതി നൽകി . ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി രാജീവാണ് പരാതി നൽകിയത്.കേരളം കണ്ട ഏറ്റവും നിഷ്ഠുരമായ രാഷ്ട്രീയ കൊലപാതകക്കേസ് അട്ടിമറിക്കാൻ അന്നത്തെ ഭരണകക്ഷിയിലെ കോൺഗ്രസ് നേതാക്കൾ ഒത്തുതീർപ്പ് നടത്തിയിട്ടുണ്ടെന്ന് അന്ന് ഭരണപക്ഷത്തായിരുന്ന എം.എൽ.എ വിടി ബലറാം തുറന്ന് പറഞ്ഞ സാഹചര്യത്തിൽ അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊലക്കേസിനു പിന്നിലെ ഗൂഢാലോചന അട്ടിമറിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ വിടി ബലറാം എം.എൽ.എ യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചന നേരാംവണ്ണം അന്വേഷിക്കാതെ ഒത്തുതീർപ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളാർ റിപ്പോർട്ടിന്മേലുള്ള അന്വേഷണം . സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണിതെന്നും വിടി ബലറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.
നേരത്തെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് വി.ടി ബല്‍റാം എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ടി.പിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമഅഭിപ്രായപ്പെട്ടിരുന്നു .ടി പി വധത്തില്‍ യു.ഡി.എഫ് ഒത്തുകളി രാഷ്ട്രീയം നടത്തിയെന്നായിരുന്നു ബല്‍റാമിന്റെ വെളിപ്പടുത്തല്‍. ആര്‍ക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണമെന്ന് രമ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും നടത്തണം. ഒറ്റുകൊടുത്തവര്‍ കാലത്തിനോട് കണക്ക് പറയേണ്ടിവരുമെന്നും രമ പറഞ്ഞു.
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് വന്നതിന് ശേഷമായിരുന്നു യു.ഡി.എഫ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് വി.ടി ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.
കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചന കേസ് നന്നായി അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി റിപ്പോര്‍ട്ടെന്നായിരന്നു വി.ടി ബല്‍റാമിന്റെ പോസ്റ്റ്. ഇതിന് പ്രതികരണമായാണ് അന്വേഷണമാവശ്യപ്പെട്ട് കെ.കെ രമ രംഗത്തെത്തിയത്.