തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്‌നത്തില്‍ ആചാരലംഘനം പാടില്ലെന്ന നിലപാടാണ് ബിജെപി കൈക്കൊണ്ടത്. ആദ്യ ഘട്ടത്തില്‍ സുപ്രീം കോടതി വിധിക്ക് അനുകൂലമായി പാര്‍ട്ടിയിലെ പലരും പ്രതികരിച്ചെങ്കിലും പിന്നീട് തികച്ചും രാഷ്ട്രീയമായി ചുവട് വയ്ക്കുകയായിരുന്നു ബിജെപി ചെയ്തത്.
തങ്ങളുടെ നിലപാട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അടിയായെന്ന പ്രഖ്യാപനമാണ് ബിജെപി നടത്തുന്നത്. ഇതിനായി വിവിധ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലെത്തിവരുടെ നേതൃസംഗമം ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. വിവിധ പാര്‍ട്ടികളില്‍ നിന്നും 18,600 പേര്‍ ബിജെപിയിലെത്തിയതായി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള അറിയിച്ചു.
കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ ചേരുന്ന നവാഗത നേതൃസംഗമം ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി മുരളീധര റാവു ഉദ്ഘാടനം ചെയ്യും. ശബരിമല പ്രശ്‌നത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങിയ ശേഷം ചില ബിജപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.
ഇതിന് ബദലായാണ് ബിജെപി യുവനേതൃസംഗമം സംഘടിപ്പിക്കുന്നത്. തലസ്ഥാനത്തെത്തുന്ന ദേശീയ നേതാക്കള്‍ നിരാഹരം സമരം നടത്തുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ സന്ദര്‍ശിക്കും. ശോഭാ സുരേന്ദ്രന്റെ നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ആരോഗ്യസ്ഥിതി മോശമായ ശോഭ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റണണെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.