പാലക്കാട് : പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാറിനെതിരെ അഴിമതിയാരോപണമുന്നയിച്ച് ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാര്‍ ദേശീയ നേതൃത്വത്തെ സമീപിക്കാനൊരുങ്ങുന്നു.നഗരസഭയിലെ കരാറുകളില്‍ അഴിമതി നടത്തുന്നുവെന്നാണ് പരാതി. ഇക്കാര്യമുന്നയിച്ച് സംസ്ഥാന നേതൃത്വത്തിന് ഇവര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിച്ച കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാലാണ് കൗണ്‍സിലര്‍മാര്‍ ദേശീയ നേതൃത്വത്തെ സമീപിക്കാനൊരുങ്ങുന്നത്.കഞ്ചിക്കോട് വ്യവസായ മേഖല കേന്ദ്രീകരിച്ച് ലേബര്‍ കോണ്‍ട്രാക്ടുകള്‍ നടത്തി വരുന്ന കൃഷ്ണകുമാര്‍ അനധികൃത പണപ്പിരിവ് നടത്തുന്നുവെന്നുമാണ് പരാതി.ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അഡ്വ. പിഎസ് ശ്രീധരന്‍പിള്ള, നാരായണന്‍ നമ്പൂതിരി എന്നിവരംഗങ്ങളായ കമ്മീഷനെ സംസ്ഥാന നേതൃത്വം നിയോഗിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ ഇരുവിഭാഗത്തിന്റെയും മൊഴിയെടുത്തെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.ഒന്നരമാസമായിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതില്‍ ഈ കൗണ്‍സിലര്‍മാര്‍ ദുരൂഹതയാരോപിക്കുകയും ചെയ്യുന്നു. ഇതേ തുടര്‍ന്നാണ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുന്നത്.
അതേസമയം മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ 5.60 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചു പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ദീപികയോടു പറഞ്ഞു. കോഴ ആരോപണത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ച് അറിയില്ല. ഏതായാലും പരിശോധിക്കും. കൂടുതല്‍ അന്വേഷണം വേണമോയെന്നും പരിശോധിക്കുമെന്ന് നഡ്ഡ വിശദീകരിച്ചു.കോഴ സംഭവം പാര്‍ട്ടിക്കു വലിയ തിരിച്ചടിയായതിനെക്കുറിച്ച് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളോട് വിശദീകരണം തേടിയിരുന്നു. പാര്‍ലമെന്‍റില്‍ ഈ പ്രശ്നം വലിയ വിവാദമായതും ലോക്സഭ മൂന്നു തവണ നിര്‍ത്തിവയ്ക്കേണ്ടി വന്നതും ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പതിവില്ലാതെ പ്രതിരോധത്തിലാക്കി. ഇതിനു പിന്നാലെയാണ് കോഴയാരോപണം പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയത്.