തിരുവനന്തപുരം :കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വെട്ടിലായിരിക്കയാണ് .ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ നടത്തിയ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് പാർട്ടിയിൽ മുല്ലപ്പള്ളി ഒറ്റപ്പെടുക മാത്രമല്ല കടുത്ത എതിർപ്പും നേരിടുകയാണ് . ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ നടത്തിയ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും രംഗത്ത് എത്തി . മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ഫെയ്സ്ബുക്കിലെ കുറിപ്പിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞു. പൊതുപ്രവർത്തകയ്ക്ക് മറ്റൊരു പൊതുപ്രവർത്തക നൽകുന്ന രാഷ്ടീയാതീത പിന്തുണയാണിത്. പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. സിപിഎമ്മിന്റെയും സർക്കാരിന്റെയും നിലപാടുകളോടും പ്രവർത്തനങ്ങളോടും എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടു തന്നെയാണ് തന്റെ വിയോജിപ്പെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചറിന്റെയും അവരുടെ പാർട്ടിയുടെയും അവരുൾപ്പെട്ട സർക്കാരിന്റെയും നിലപാടുകളോടും പ്രവർത്തനങ്ങളോടും എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ അതിശക്തമായി എതിർക്കുന്നു. പൊതുപ്രവർത്തകക്ക് മറ്റൊരു പൊതു പ്രവർത്തകനൽകുന്ന രാഷ്ടീയാതീത പിന്തുണയാണിത്.
കേരളത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കോവിഡ് റാണി എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. ഒരു സ്ത്രീ ദേശീയ പ്രസിഡന്റായ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയത്. മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണം.