കേരളം പിടിക്കാന്‍ ആര്‍എസ്എസിന്റെ മിഷന്‍ 2019; എല്ലാ ജില്ലയിലും ബലിദാനികളെ സൃഷ്ടിക്കാന്‍ നീക്കം; ലക്ഷ്യം പത്ത് ലോക്‌സഭാ സീറ്റും കേരള ഭരണവും

കൊച്ചി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പത്ത് ലോക്‌സഭാ സീറ്റുകള്‍ പിടിച്ചു ഗംഭീര വിജയം ഉറപ്പാക്കാന്‍ ആര്‍എസ്എസ് നേരിട്ടു രംഗത്തിറങ്ങുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനായി മിഷന്‍ 2019 പ്രഖ്യാപിച്ച ആര്‍എസ്എസ് ഇതിനായി രണ്ടു സംസ്ഥാനങ്ങളിലും നൂറു വീതം കര്‍മ്മസമിതി അംഗങ്ങളെയും രംഗത്ത് ഇറക്കിയിട്ടുണ്ട്. ഈ രണ്ടു സംസ്ഥാനങ്ങളിലും ഭൂരിപക്ഷ സമുദായങ്ങളുടെ ധ്രുവീകരണം ഉറപ്പാക്കി ഭരണം പിടിക്കുകയാണ് ആര്‍എസ്എസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് എല്ലാ ജി്ല്ലയിലും ബലിദാനികളെ സൃഷ്ടിക്കാനും ഇതിലൂടെ ബിജെപി നേതൃത്വത്തിനു ജനങ്ങള്‍ക്കിടയില്‍ സഹതാപ തരംഗം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് വ്യാപകമായി സംഘര്‍ഷം സൃഷ്ടിച്ച് സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന രംഗത്ത് വന്‍ പരാജയമാണെന്നു വരുത്തി തീര്‍ക്കുന്നതിനുള്ള ശ്രമം നടത്തുകയാണ് ആര്‍എസ്എസ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ ആര്‍എസ്എസിനു കൂടുതല്‍ ബലിദാനികളെ സൃഷ്ടിക്കാനും സാധിക്കും. ഇത്തരത്തില്‍ ബലിദാനികളെ കൂടുതലായി സൃഷ്ടിക്കുന്നതു സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ തുറന്നു കാട്ടാനുള്ള വഴിയാകുമെന്നാണ് ആര്‍എസ്എസ് നേതൃത്വം കണക്കു കൂട്ടുന്നത്. ഈ സാഹചര്യത്തില്‍ ജനകീയ സമരങ്ങളിലൂടെ ബിജെപി നേതൃത്വം ജനങ്ങളുടെ മനസില്‍ ഇടം പിടിക്കണമെന്നും ആര്‍എസ്എസ് നിര്‍ദേശമുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിഡിജെഎസും – ബിജെപിയും ചേര്‍ന്നു സൃഷ്ടിച്ച എന്‍ഡിഎ സഖ്യമാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ കണക്കു കൂട്ടലുകള്‍ കൂടുതല്‍ ശക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമാണ് എന്‍ഡിഎ സഖ്യം സ്വന്തമാക്കിയത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും ശക്തമായ പ്രതിപക്ഷമാകാനും ബിജെപിയും ശ്രദ്ധിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായുണ്ടായ ആക്രമണങ്ങള്‍ ആര്‍എസ്എസിനും – ബിജെപിയ്ക്കും കരുത്തു പകരുന്നതാണെന്ന കണക്കുകൂട്ടലിലാണ് ആര്‍എസ്എസ് കേന്ദ്ര നേതൃത്വം. ഇത്തരത്തില്‍ വ്യാപകമായുണ്ടായ ആക്രമങ്ങള്‍ പാര്‍ട്ടി ശക്തമല്ലാത്ത സ്ഥലങ്ങളില്‍ പോലും കരുത്തു നല്‍കിയിട്ടുണ്ട്. ഇതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റ് എന്ന ലക്ഷ്യം മുന്നോട്ടു വയ്ക്കുന്നതിന്റെ പ്രധാന കാരണം.

Top