മുംബൈ: തനിക്ക് നേരെ ഉയര്‍ന്ന ചോദ്യം ഇഷ്ടപ്പെടാത്ത മന്ത്രി വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെയാണ് അമരാവതിയിലെ ഒരു കോളെജിലെ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. കോളെജില്‍ ഡിബേറ്റ് മത്സരത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ബിജെപി നേതാവുകൂടിയായ മന്ത്രി. ചടങ്ങില്‍ ഇദ്ദേഹത്തോട് സംവദിക്കാന്‍ മാധ്യമവിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കിയിരുന്നു. അതിലെ ചോദ്യങ്ങളാണ് മന്ത്രിയെ ചൊടിപ്പിച്ചത്. പഠനച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പാവങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമോ എന്നായിരുന്നു പ്രശാന്ത് റാത്തോഡ് എന്ന വിദ്യാര്‍ഥിയുടെ ചോദ്യം.
പഠിക്കാന്‍ കഴിയില്ലെങ്കില്‍ വല്ല പണിക്കും പോയി പണമുണ്ടാക്കാന്‍ നോക്കൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. യുവരാജ് ദഭാഡേ എന്ന വിദ്യാര്‍ഥി ചോദ്യോത്തരങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ക്യാമറ അടച്ചുവെക്കാന്‍ യുവരാജിനോട് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ റെക്കോഡിങ് തുടര്‍ന്നു. ക്ഷുഭിതനായ താവ്‌ഡേ യുവരാജിനെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടു.
പൊലീസുകാര്‍ ഉടന്‍തന്നെ വിദ്യാര്‍ഥിയെ ഓഡിറ്റോറിയത്തിന്റെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു മണിക്കൂറോളം കസ്റ്റഡിയില്‍വെച്ച ശേഷമാണ് വിട്ടയച്ചത്. ക്യാമറയിലെ ദൃശ്യങ്ങള്‍ മായ്ച്ചു കളയുകയും ചെയ്തു.
എന്നാല്‍ താന്‍ ആരെയും അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. ചോദ്യോത്തരവേള ചിത്രീകരിച്ച വിദ്യാര്‍ഥിയോട് ഹാളിന്റെ അകത്ത് കടന്നിരുന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അദ്ദേഹം പറയുന്നു. അതേസമയം മന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കോളെജില്‍ പ്രകടനം നടത്തി. മന്ത്രിയുടെ ചിത്രം പതിച്ച പോസ്റ്ററുകളില്‍ കരിപൂശുകയും ചെയ്തു. ശിവസേനാ യുവജനവിഭാഗം നേതാവ് ആദിത്യ താക്കറേ പ്രതിഷേധവുമായി ട്വിറ്റര്‍ സന്ദേശമിട്ടതോടെയാണ് സംഭവം വിവാദമായത്. വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിയെക്കുറിച്ചും യുവാക്കള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് മന്ത്രിമാര്‍ക്കിഷ്ടമല്ലെന്ന് പറഞ്ഞായിരുന്നു ആദിത്യയുടെ ട്വീറ്റ്.