ന്യൂദല്‍ഹി: ബി.ജെ.പി മുഖപത്രം ജന്മഭൂമിയ്‌ക്കെതിരെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജന്മഭൂമി തനിക്കെതിരെ പറയുകയോ പട്ടം പറപ്പിക്കുകയോ ചെയ്താല്‍ ഒരു പ്രശ്‌നവുമില്ലെന്ന് കണ്ണന്താനം പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ മന്ത്രി കണ്ണന്താനത്തിന്റെ പേരെടുത്ത് പറഞ്ഞു വിമര്‍ശനവുമായി ബിജെപി മുഖപത്രം ജന്മഭൂമി രംഗത്ത് വന്നിരുന്നു.
ഇക്കുറി മാവേലി വന്നില്ല എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് കണ്ണന്താനത്തെ പത്രം വിമര്‍ശിക്കുന്നത്.ക്യാംപില്‍ പോയി കിടന്നുറങ്ങിയ കണ്ണന്താനത്തിന് എന്തു കിട്ടിയെന്നും പ്രതികരിക്കുമ്പോള്‍ വകതിരിവ് വേണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.നേരത്തെ യു.എ.ഇയുടെ സഹായ വാഗ്ദാനം കേരളത്തിന് ലഭ്യമാക്കണമെന്ന മന്ത്രിയുടെ അഭിപ്രായം വകതിരിവില്ലാത്തതാണെന്ന് ജന്മഭൂമിയുടെ മുഖപ്രസംഗത്തത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്നെ തോല്‍പ്പിക്കാമെന്ന് കരുതി ആരും വെറുതെ സമയം കളയേണ്ട. എഴുതുന്നവന്‍ എഴുതട്ടെ പറയുന്നവന്‍ പറയട്ടെ തനിക്ക് ചെയ്യാനുള്ളത് ചെയ്യും. അവര്‍ പറയുകയോ പട്ടം പറപ്പിക്കുകയോ ചെയ്യട്ടെ. സോഷ്യല്‍ മീഡിയ എഴുതിയാലും ഒരു പ്രശ്നവുമില്ല. 50 വര്‍ഷം മുമ്പ് തീരുമാനിച്ചതാണ് എന്റെ രീതികളനുസരിച്ച് ജീവിക്കുമെന്ന്.മറ്റാരും പറയുന്ന രീതിയിലല്ല താന്‍ ജീവിക്കുന്നതെന്നു ജനങ്ങളുടെ കൂടെയാണ് താനുള്ളതെന്ന് ജീവിതംകൊണ്ട് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി ആര്‍ക്കും അത് തെളിയിച്ച് കൊടുക്കേണ്ട ആവശ്യമില്ലെന്നും കണ്ണന്താനം പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പില്‍ രാത്രി ഉറങ്ങിയതിനെ ജന്മഭൂമി പരിഹസിച്ചതും കാര്യമാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ‘ആദ്യദിവസം പേഴ്സണല്‍ സ്റ്റാഫ് ഒരു പൊട്ടത്തരം കാണിച്ചു. എന്റെ ഫേസ്ബുക്ക് പേജില്‍ ഞാന്‍ ഉറങ്ങുകയാണെന്ന് പോസ്റ്റിട്ടു. അവിടെ മാത്രമല്ല നോര്‍ത്ത് പറവൂരിലെ ക്യാമ്പിലും ഞാന്‍ താമസിച്ചു’ കണ്ണന്താനം പറഞ്ഞു.ക്യാംപില്‍ ഉറങ്ങിക്കിടക്കുന്ന ഫോട്ടോ തന്റെ ഫേസ്ബുക്കില്‍ കണ്ണന്താനം പോസ്റ്റ് ചെയ്തത് നേരത്തെ ചര്‍ച്ചയായിരുന്നു.
യുഎഇയുടെ 700 കോടി വേണമെന്നു ക്യാമറക്കു മുന്നില്‍ വിളിച്ച് പറഞ്ഞത് കണ്ണന്താനം മിടുക്ക് കാണിക്കാന്‍ ആയിരിക്കും, എന്നാല്‍ അതിമിടുക്ക് അലോസരമാണെന്നും ജന്മഭൂമി ചൂണ്ടിക്കാട്ടുന്നു. ബിജെപിക്കെതിരായ സിപിഎം പ്രചരണത്തിനെതിരായ മുഖപ്രസംഗത്തിലാണ് സ്വന്തം മന്ത്രിക്കും ജന്മഭൂമി പണികൊടുത്തത്.
മുഖപ്രസംഗത്തില്‍ നിന്ന് ….
രാജ്യത്തെ രാഷ്ട്രീയ പ്രതിയോഗികള്‍ ബിജെപിയെ കുഴിച്ചുമൂടാന്‍ ദുരന്തമുഖത്തുപോലും അറച്ചുനിന്നില്ല. അവരില്‍ നിന്ന് മറിച്ചൊന്നും പ്രതിക്ഷിക്കേണ്ടതില്ല. എന്നാല്‍ കേന്ദ്രമന്ത്രി പ്രതികരിക്കുമ്പോള്‍ വകതിരിവ് വേണ്ടെ?
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അല്‍പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നു. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിന് വേണം. അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കണം. ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ് എന്നൊക്കെ മന്ത്രി ക്യാമറയ്ക്കുമുന്നില്‍ വിളിച്ചുപറഞ്ഞു. മിടുക്ക് കാട്ടാനായിരിക്കാം. പക്ഷേ അതിമിടുക്ക് അലോസരമാകും. ക്യാമ്പില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ? പകരം കുറേ കല്ലേറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി കിട്ടിയത് മെച്ചം.