ബീഫ് കഴിക്കാന്‍ വരേണ്ട; ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ് അല്‍ഫോന്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: മോദിയും ക്രിസ്തുവും ഒരേ സ്വപ്നക്കാർ എന്ന് പറഞ്ഞ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇന്ന് ബീഫ് വിഷയത്തില്‍ നിലപാട് തിരുത്തി ഞെട്ടിച്ച് രംഗത്ത് . വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്നാണ് മന്ത്രിയുടെ പുതിയ നിര്‍ദേശം. ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ പരിപാടിയിലാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ബീഫ് വിഷയത്തില്‍ തുറന്ന അഭിപ്രായ പ്രകടനവുമായി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നും അതില്‍ ബിജെപിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും കണ്ണന്താനം അന്ന് വ്യക്തമാക്കിയിരുന്നു. ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആരുടെയും ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നുമില്ല. അത് ജനങ്ങളുടെ ഇഷ്ടമാണ് -കണ്ണന്താനം അന്ന് പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ ബീഫ് യഥേഷ്ടം കഴിക്കുമ്പോള്‍, കേരളത്തില്‍ എന്തു പ്രശ്‌നമാണുള്ളതെന്നും കണ്ണന്താനം അന്ന് ചോദിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് 21 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുണ്ടെങ്കിലും അതിനു തയാറാകാത്ത എട്ടു സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയപ്പോള്‍ അതിനെതിരെ ഏറ്റവുമധികം പ്രതിഷേധം ഉയര്‍ന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. ഈ സാഹചര്യത്തിലാണ് ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള കണ്ണന്താനത്തിന്റെ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ കണ്ണന്താനം നിലപാട് മാറ്റിയിരിക്കുകയാണ്. കേരളത്തില്‍ ബീഫ് ഉപയോഗം തുടരുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. ബീഫ് വിഷയത്തില്‍ നിലപാടെടുക്കാന്‍ താന്‍ ഭക്ഷ്യമന്ത്രിയല്ലെന്നും കണ്ണന്താനം വ്യക്തമാക്കി.ബീഫ് വിഷയത്തില്‍ കണ്ണന്താനത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് എ.കെ ആന്റണിയും പ്രതികരിച്ചു. ആര് വിചാരിച്ചാലും ബീഫ് നിരോധിക്കാനാകില്ലെന്നും ആന്റണി പറഞ്ഞു.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനും കെ.ടി ജലീലും വരെ രംഗത്തെത്തിയിരുന്നു. ഇവരുടെ നിലപാടിനുള്ള തിരിച്ചടി കൂടിയാണ് കണ്ണന്താനത്തിന്‍റെ നിലപാട് മാറ്റം.‘അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഒരിക്കലും ഒരു വര്‍ഗീയവാദിയോ മതാന്ധകനോ ആകാന്‍ കഴിയില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസം. തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചുമുള്ള അല്‍ഫോണ്‍സിന്റെ സംസാര ശൈലി ആരിലും മതിപ്പുളവാക്കാന്‍ പോന്നതാണ്. മതേതര മനസുള്ള അദ്ദേഹം എങ്ങനെ ബിജെപിയില്‍ ചെന്നുപെട്ടുവെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്’. എന്നായിരുന്നു കെടി ജലീലിന്‍റെ അന്നത്തെ പ്രസ്താവന.

‘കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണ് കേന്ദ്രമന്ത്രിസ്ഥാനം. ദേശീയ വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപ്പെടുന്നതിനൊപ്പം മന്ത്രിസഭയില്‍ കേരളത്തിന്റെ ശബ്ദമാകാന്‍ കണ്ണന്താനത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കൂട്ടായ പ്രയ്തനം കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരും. കണ്ണന്താനത്തിന് ഇതിലേക്ക് മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’. എന്നായിരുന്നു പിണറായി അന്ന് കുറിച്ചത്.

Top