ഭക്ഷണത്തിനൊപ്പം മദ്യം വിളമ്പിയ ഉത്തര്‍പ്രദേശ് ബിജെപി എം എല്‍എ വിവാദത്തിലേക്ക്. ബിജെപി എം എല്‍ എ നിതിന്‍ അഗര്‍വാള്‍ നടത്തിയ സത്ക്കാരത്തിലാണ് ഭക്ഷണത്തിനൊപ്പം പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വിളമ്പിയത്. ഹര്‍ദോയിലെ ശ്രാവണ ദേവി ക്ഷേത്രത്തില്‍ വെച്ച് നടന്ന സത്കാരത്തിലാണ് സംഭവം. പൂരിയോടും സബ്ജിയോടുമൊപ്പം ഒരോ കുപ്പി മദ്യമാണ് സത്കാരത്തില്‍ വിളമ്പിയത്. നിതിന്‍ അഗര്‍വാളിന്റെ പിതാവും സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് അടുത്തിടെ മാറുകയും ചെയ്ത നരേഷ് അഗര്‍വാളും സത്കാരത്തില്‍ പങ്കെടുത്തിരുന്നു. ചെറിയ കുട്ടികള്‍ക്കും മദ്യക്കുപ്പിയടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്‌തെന്നാണ് ആരോപണം.
സംഭവം ബിജെപി ഹര്‍ദോയ് എംപി അന്‍ഷുല്‍ വര്‍മ്മയുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. മാത്രമല്ല കേന്ദ്രനേതൃത്വത്തെ സംഭവത്തെ കുറിച്ച് ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നരേഷ് അഗര്‍വാള്‍ഞങ്ങളുടെ ഒരു ആരാധനലായത്തിലാണ് സംഗമം നടത്തിയത്. ഈ സംഭവം നിര്‍ഭാഗ്യകരമെന്നേ ഞാന്‍ പറയൂ. കാരണം നമ്മള്‍ പെന്നും പെന്‍സിലും സമ്മാനമായി നല്‍കുന്ന കുഞ്ഞുകുട്ടികള്‍ക്ക് വരെ മദ്യം നല്‍കിയിരിക്കുകയാണ്. ഞാന്‍ ഇത് കേന്ദ്ര നേതൃത്വത്തിനെ അറിയിക്കും. മാത്രമല്ല, ഇത്രയധികം അളവില്‍ മദ്യം വിതരണം ചെയ്തത് അറിയാതെ പോയത് എക്‌സൈസ് വകുപ്പിന്റെ ശരദ്ധയില്‍പ്പെടുത്തുകയും ചെയ്യും, വര്‍മ്മ പറഞ്ഞു.
എല്ലാവരും ഭക്ഷണപ്പെട്ടി കൈപറ്റണമെന്ന് നരേഷ് അഗര്‍വാള്‍ വിളിച്ചു പറയുന്ന വീഡിയോ പുറത്തായിട്ടുണ്ട്. ഈ വിഷയത്തില്‍ ഇതുവരെ നരേഷ് അഗര്‍വാളിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.