ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ രാഹുലിന് എന്ത് അധികാരമാണ് ഉള്ളതെന്ന് കേന്ദ്ര ജലശക്തി മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചോദിച്ചു. രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയിൽ ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും അതിനാൽ പ്രഖ്യാപനം നടത്താൻ എന്ത് അധികാരമാണ് രാഹുലിനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നത് തീർച്ചയായും പാർട്ടിയുടെ പ്രത്യേക അവകാശമാണ്. എന്നാൽ കോൺഗ്രസിന്റെ 50 ഓളം എംപിമാരിൽ ഒരാളെന്നതിൽ ഉപരി എന്ത് അധികാരമാണ് രാഹുലിനുള്ളതെന്ന് പഞ്ചാബിലെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. ‘ഗാന്ധി’ എന്ന കുടുംബപ്പേര് ഉള്ളത് മാത്രമാണ് ഇപ്പോൾ രാഹുലിന്റെ ഏക യോഗ്യതയെന്നും ഷെഖാവത്ത് പരിഹസിച്ചു.
പഞ്ചാബിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇന്നാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. നിലവിലെ മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുക.
കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിനെ പൂർണമായും മാറ്റി നിർത്തിക്കൊണ്ടായിരുന്നു രാഹുലിന്റെ സ്ഥാനാർഥി പ്രഖ്യാപനം. ഇത് പാർട്ടിക്കുള്ളിലെ ഭിന്നത വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്.