ഹിന്ദുക്കള്‍ക്ക് തോക്ക് വാഗ്ദാനം ചെയ്ത് ബിജെപി എംപിയുടെ സംഘടന’ഹിന്ദു യുവ വാഹിനി’

ദാദ്രി : ദാദ്രിയിലെ ഹിന്ദുക്കള്‍ക്ക് തോക്ക് ഉള്‍പ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്ത് ബിജെപി എംപി യോഗി ആദിത്യ നാഥിന്റെ സംഘടന. ഹിന്ദു യുവ വാഹിനിയെന്ന സംഘടനയാണ് വാഗ്ദാനവുമായി രംഗത്തെത്തിയത്. സംഭവം നടന്ന ബിഷാദ ഗ്രാമത്തിലേക്ക് ഇന്ന് ഹിന്ദു യുവ വാഹിനി സംഘടനയുടെ നിരവധി പ്രവര്‍ത്തകര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടയുകയായിരുന്നു.പശുവിറച്ചി കഴിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നു യുപിയിലെ ദാദ്രിയില്‍ മധ്യവയസ്കനെ അടിച്ചുകൊന്നതിന്റെ പേരില്‍ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനാണ് തോക്കു സംഭാവന.

‘ഞങ്ങള്‍ അവിടേക്ക് പോവുകയും അധികൃതര്‍ വേട്ടയാടുന്ന ഹിന്ദുക്കളെ കാണുകയും ചെയ്യും. അവിടെയുള്ള ഹിന്ദുക്കള്‍ക്ക് എന്തു സഹായവും ഞങ്ങള്‍ ചെയ്യും. ആളുകളെ വേണമെങ്കില്‍ ആളുകള്‍ തോക്ക് വേണമെങ്കില്‍ തോക്ക് നല്‍കും’ – സംഘടനയുടെ നേതാക്കളിലൊരാളായ ജിതേന്ദ്ര ത്യാഗി പറഞ്ഞു. ഗ്രാമത്തിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ എസ്പി നേതാവ് മുലായം സിങ്ങിനെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഹ്‌ലാഖ് എന്നയാളെ അടിച്ചുകൊലപ്പെടുത്തിയ യുപിയിലെ ദാദ്രിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ജില്ലാ ഭരണകൂടം സമാധാന യോഗം വിളിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരെ ഗ്രാമത്തിനകത്തേക്കു പ്രവേശിക്കാന്‍ ഒരുവിഭാഗം ആളുകള്‍ അനുവദിക്കുന്നില്ല.

സംഘര്‍ഷാവസ്ഥയ്ക്കിടെ വിവാദ സന്യാസിനി സാധ്വി പ്രാചി, ദാദ്രി സന്ദര്‍ശിക്കും. ഹൈന്ദവ സംഘനയായ യുവവാഹിനി ദാദ്രിയിലേക്കു നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ദാദ്രി സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

അതേസമയം, സംഭവ വികാസങ്ങളെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ടില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷ കക്ഷികള്‍ ചോദ്യം ചെയ്തിരുന്നു. ഇന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിനു ലഭിക്കുന്നത്. കൂടാതെ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു.

 

Top