തിരുവനന്തപുരം: പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം. സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സഞ്ജയന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഹിന്ദു ധര്‍മത്തെയോ സമൂഹത്തെയോ പ്രതികൂലമായി ബാധിക്കുന്ന ഒന്നും തന്നെ കോടതി വിധിയിലില്ല. 10-50 പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ച ഒരു കീഴ്‌നടപ്പാണ് കോടതി അസാധുവാക്കിയത്.
ഈ നിരോധനത്തിന് ധര്‍മ്മതന്ത്ര ശാസ്ത്രങ്ങളുടേയോ മതിയായ യുക്തിയുടെയോ പിന്‍ബലമുണ്ടായിരുന്നില്ല. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ വിധി ഒരു തരത്തിലും ബാധിക്കുന്നില്ല. മാത്രമല്ല സ്ത്രീ തീര്‍ത്ഥാടകര്‍ (മാളികപ്പുറങ്ങള്‍) വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ. കോടതി ഉത്തരവിന്റെ പ്രത്യാഘാതം ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു.
മതസ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് മറ്റ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാകാന്‍ പാടില്ല എന്നത് ഭരണഘടനാപരമായ നിഷ്‌കര്‍ഷയുമാണ്. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ കോടതി ഉത്തരവിന്റെ അന്തഃസത്തയോട് വിയോജിക്കാന്‍ കഴിയില്ല. ശബരിമല സന്ദര്‍ശിക്കണോ വേണ്ടയോ അഥവാ, സന്ദര്‍ശിക്കുന്നെങ്കില്‍ എപ്പോള്‍ സന്ദര്‍ശിക്കണം എന്നീ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ഭക്തരായ സ്ത്രീകള്‍ക്കുതന്നെ വിട്ടുകൊടുക്കുക. അതിനുള്ള വിവേചനശക്തി സ്ത്രീകള്‍ക്ക് ഉണ്ടെന്ന് അംഗീകരിക്കുകയാണ് കാലോചിതവും യുക്തിപരവുമായ നിലപാട്. പുരുഷമേധാവിത്വത്തിന്റെ കാലം അസ്തമിച്ചു എന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സഞ്ജയന്‍ പറയുന്നു.