ദില്ലി: ഹിമാചൽ പ്രദേശില്‍ സ്വതന്ത്രരെ ഒപ്പം നിര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നീക്കം. ദേവേന്ദ്ര ഫഡ്നാവിസ് സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി. വോട്ടെണ്ണല്‍ നാല് മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ ഹിമാചൽ പ്രദേശില്‍ ബിജെപി 27 സീറ്റിലും കോൺഗ്രസ് 38 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
ഹിമാചൽ പ്രദേശിൽ ഇഞ്ചാടിഞ്ച് മത്സരമാണെങ്കിലും ചരിത്രം തിരുത്തി ബിജെപി അധികാര തുടർച്ച നേടിയേക്കാമെന്നുമായിരുന്നു ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും പ്രവചനം. ഹിമാചലിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഇന്ത്യ ടുഡേ പ്രവചിച്ചിരുന്നു. 42 സീറ്റുകൾ വരെ ബിജെപി നേടിയേക്കാമെന്ന് മറ്റുള്ളവർ പ്രവചിക്കുമ്പോൾ ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ കോൺഗ്രസ് 40 സീറ്റുവരെ നേടി ഹിമാചലിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചിച്ചത്.
ബിജെപിയുടെയും കോൺഗ്രസിന്റെയും വോട്ട് വിഹിതത്തിൽ 2 ശതമാനം മാത്രമായിരിക്കും വ്യത്യാസമെന്നും ആംആദ്മി പാർട്ടിക്ക് കാര്യമായ ചലനമുണ്ടാക്കാനാകില്ലെന്നും എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. 8 സീറ്റുകൾ വരെ മറ്റ് പാർട്ടികളോ സ്വതന്ത്രരോ നേടിയേക്കാമെന്നും പ്രവചനമുണ്ടായിരുന്നു.