യുപിയില്‍ വോട്ടുകള്‍ ഭിന്നിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശില്‍ ബിജെപി മുന്‍ വര്‍ഷത്തേതിന് സമാനമായ വിജയം ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി പശ്ചിമ ഉത്തര്‍ പ്രദേശുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബിജെപി പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. പശ്ചിമ യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടുമെന്നും വോട്ടുകള്‍ ഭിന്നിക്കുമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.
അവര്‍ പകല്‍ സ്വപ്‌നം കാണുകയാണ് എന്ന് മോദി ഇതിനോടായി പ്രതികരിച്ചു. ബിജെപി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്ന വിഷയങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലൗ ജിഹാദ്, മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ നടപടി കര്‍ശനമാക്കുമെന്നതിൽ ഊന്നിയാണ് ബിജെപി പ്രകടന പത്രിക തയാറാക്കിയിരിക്കുന്നത്. ഭരണത്തില്‍ തിരികെയെത്തിയാല്‍ ലൗ ജിഹാദ് കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷം തടവും ഒരു വര്‍ഷം പിഴയും ചുമത്തുമെന്ന് ബിജെപി പറയുന്നു. സ്ത്രീകള്‍, പെണ്‍കുട്ടികള്‍ തുടങ്ങിയവരെ ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നു.
ദീപാവലിക്കും ഹോളിക്കും സ്ത്രീകള്‍ക്ക് ഓരോന്നു വീതം സിലണ്ടര്‍ ഗ്യാസ് സൗജന്യമായി നല്‍കും. ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരമാണ് നടപടി. സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കും. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ഇരുചക്ര വാഹനവും വാഗ്ദാനം ചെയ്യുന്നു.
കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, ഒരോ കുടുംബത്തിലെയും ചുരുങ്ങിയത് ഒരാള്‍ക്ക് ജോലി തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.