സിപിഎം നേതാവുമായി ശ്രീധരന്‍ പിളളയുടെ രഹസ്യ കൂടിക്കാഴ്ച; വിഎസ് പക്ഷക്കാരനായ നേതാവ് ബിജെപിയിലേക്ക്

കോട്ടയം: ശബരിമല വിഷയത്തിന് പിന്നാലെ മറ്റ് പാര്‍ട്ടികളില്‍ നിന്നും നിരവധി പ്രമുഖര്‍ ബിജെപിയിലേക്ക് എത്തുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ വാദം. എന്നാല്‍ പറയാനായി കോണ്‍ഗ്രസില്‍ നിന്നും ജി രാമന്‍നായര്‍ മാത്രമാണ് ബിജെപിക്ക് ഉള്ളത്. എന്നാല്‍ ശബരിമലയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചാടാന്‍ തയ്യാറെടുക്കുന്നു എന്ന സൂചനകള്‍ പുറത്ത്.
പിഎസ് ശ്രീധരന്‍ പിളള ഇക്കഴിഞ്ഞ ഞായറാഴ്ച കോട്ടയത്ത് രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കോട്ടയത്ത് മറ്റ് പാര്‍ട്ടികളില്‍ നിന്നും വന്ന 47 പേര്‍ക്ക് അംഗത്വം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീധരന്‍ പിള്ള.
സിപിഎം നേതാവുമായി പ്രാഥമിക ചര്‍ച്ച മാത്രമാണ് നടന്നത് എന്നാണ് സൂചന. വിഎസ് പക്ഷക്കാരനാണ് ഈ നേതാവ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പ്രമുഖ നേതാക്കള്‍ ഉടന്‍ തന്നെ ബിജെപിയില്‍ എത്തും എന്നാണ് ബിജെപി കോട്ടയം ജില്ലാ നേതൃത്വം നല്‍കുന്ന സൂചന. എന്നാല്‍ അവര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് ബിജെപി നേതാക്കള്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

ലോക്സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി ശബരിമല സമരം വീണ്ടും ആളിക്കത്തിക്കുകയാണ് ബിജെപി. എരിതീയില്‍ എണ്ണയൊഴിക്കാന്‍ അമിത് ഷായും നരേന്ദ്ര മോദിയും പത്തനംതിട്ടയിലേക്ക് എത്തുന്നുണ്ട്. അതിന് മുന്‍പായി പ്രമുഖരെ പാര്‍ട്ടിയിലേക്ക് എത്തിക്കാനാണ് ശ്രമം.

Top