ബിജെപി കൗണ്‍സിലിലും രാഹുല്‍ ചര്‍ച്ചാവിഷയം: അമിത് ഷായും സമ്മര്‍ദ്ദത്തില്‍, രാഹുലിനെ കടത്തിവെട്ടാന്‍ പണികള്‍

ഡല്‍ഹി: ഇപ്പോള്‍ ഇന്ത്യയിലെങ്ങും രാഹുല്‍ തരംഗമാണ്. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലും പ്രധാന ചര്‍ച്ചാ വിഷയം രാഹുല്‍ ഗാന്ധി തന്നെയാണ്. സംസ്ഥാന പ്രതിനിധികള്‍ എല്ലാം തങ്ങളുടെ ആശങ്ക അമിത് ഷായെ അറിയിച്ച് കഴിഞ്ഞു. പ്രധാനമായും രാഹുല്‍ ഗാന്ധി അവഗണിക്കാനാവാത്ത നേതാവായി ഉയര്‍ന്ന് വന്നതാണ് പലരും ചൂണ്ടിക്കാണിച്ചത്. അതേസമയം വലിയ ആശങ്കകളാണ് കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ പലരും പങ്കുവെച്ചത്

രാഹുല്‍ ഗാന്ധിയെ ബിജെപി സമ്മേളനങ്ങളില്‍ പക്വതയില്ലാത്ത നേതാവായി മുമ്പ് പലരും തള്ളിക്കളഞ്ഞിരുന്നു. 2014ന് ശേഷം ഒരു പാര്‍ട്ടിയെയും നേതാവിനെയും കുറിച്ച് സമ്മേളനങ്ങളില്‍ ചര്‍ച്ച പോലും നടന്നിരുന്നില്ല. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധിയെ കുറിച്ചാണ് എല്ലാ സെഷനിലും ചര്‍ച്ച നടന്നത്. രാഹുല്‍ പ്രസംഗ ശൈലിയില്‍ സ്വാധീനം ചെലുത്തുന്ന നേതാവെന്നാണ് ശിവരാജ് സിംഗ് ചൗഹാനെ പോലുള്ളവര്‍ വിശേഷിപ്പിച്ചത്. അദ്ദേഹത്തെ സൂക്ഷിച്ചില്ലെങ്കില്‍ അത് ബിജെപിയുടെ വീഴ്ച്ച ഉറപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.

രാഹുല്‍ വലിയ ഭീഷണിയായത് ബിജെപി അവഗണിച്ച വിഷയങ്ങള്‍ കൈയ്യിലെടുത്തായിരുന്നു. ഇവയെ ബിജെപി ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. കര്‍ഷക പ്രശ്നങ്ങള്‍, പാവപ്പെട്ടവരുടെ ക്ഷേമം എന്നീ വിഷയങ്ങളാണ് ബിജെപി ഏറ്റെടുക്കുന്നത്. ഇവര്‍ക്കായി പ്രത്യേക പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ബൂത്ത്തല പ്രവര്‍ത്തകരെ ഇറക്കിയാണ് ബിജെപി രാഹുലിനെ വീഴ്ത്താന്‍ ഒരുങ്ങുന്നത്. മോദി ആപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനും ശ്രമമുണ്ട്.
കര്‍ഷക മേഖലയില്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ശിവരാജ് സിംഗ് ചൗഹാനെയാണ് ബിജെപി നിയമിച്ചത്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള നേതാവാണ് ചൗഹാന്‍. യോഗത്തില്‍ കാര്‍ഷിക പ്രമേയം അവതരിപ്പിച്ചതും ചൗഹാനാണ്. അതേസമയം തന്റെ സര്‍ക്കാരിന് കര്‍ഷകര്‍ക്ക് വരുമാനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാന അവസ്ഥ തന്നെയാണ് വസുന്ധര രാജയും രമണ്‍ സിംഗും പങ്കുവെച്ചത്. അതേസമയം കോണ്‍ഗ്രസിന്റെ കര്‍ഷക നയത്തെ മുന്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെ വെച്ച് പൊളിക്കാനാണ് ബിജെപിയുടെ നീക്കം.

Top