പാർലമെന്റിലേക്ക് ട്രാക്ടർ ഓടിച്ചെത്തിയ രാഹുൽഗാന്ധിയെ പൊലീസ് തടഞ്ഞു ;കർഷകരുടെ സന്ദേശം പാർലമെന്റിലേക്ക് എത്തിക്കാനാണ് താൻ ട്രാക്ടറിലെത്തിയതെന്ന് രാഹുലിന്റെ വിശദീകരണം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാർലമെന്റിലേയ്ക്ക് ട്രാക്ടർ ഓടിച്ച് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാഹുൽ ട്രാക്ടർ ഓടിച്ച് പാർലമെന്റിലേക്ക് എത്തിയത്.

ഡൽഹി പൊലീസാണ് രാഹുലിനെ തടഞ്ഞത്. മൂന്ന് കാർഷിക നിയമങ്ങളും എത്രയും വേഗം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുൽ പ്രതിഷേധം നടത്തിയത്.

അനുയായികൾക്കൊപ്പം ട്രാക്ടറുമായെത്തിയ രാഹുലിനെ ഡൽഹി പൊലീസ് വഴിയിൽ തടയുകയായിരുന്നു. കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലയും രാഹുലിനൊപ്പമുണ്ടായിരുന്നു.

അതേസമയം കർഷകരുടെ സന്ദേശം പാർലമെന്റിലേയ്ക്ക് എത്തിക്കാനാണ് താൻ ട്രാക്ടറിലെത്തിയതെന്നാണ് രാഹുലിന്റെ വിശദീകരണം.

Top