ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ ഷാജഹാൻപൂരിലെ നിയമവിദ്യാർത്ഥിനി അറസ്റ്റിൽ. വീഡിയോ ദൃശ്യങ്ങൾ കാണിച്ച് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ചിന്മയാനന്ദിന്റെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
ഇതിനു പിന്നാലെ വിഷയത്തിൽ ഇടപെട്ട ഷാജഹാൻപുരിലെ സെഷൻസ് കോടതി വിദ്യാർഥിനിയെ മോചിപ്പിച്ചു. പെണ്‍കുട്ടിയുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി അംഗീകരിച്ചു. പണം തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള ചിന്മയാനന്ദിന്റെ കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഷാജഹാൻപുരിലെ കോടതിയിലേക്കു പോകുന്നതിനിടെയാണ് വഴിയിൽ തടഞ്ഞ് വിദ്യാർഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാൽ, വിദ്യാർഥിനിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പരാതിയിന്മേൽ ചോദ്യംചെയ്യുന്നതിനായി തടഞ്ഞുവയ്ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് ഭാഷ്യം. കോടതിക്കു പുറത്തുവച്ചാണ് പെണ്‍കുട്ടിയെ പോലീസ് പിടികൂടിയതെന്നും ചിന്മയാനന്ദിനെതിരേയുള്ള ലൈംഗിക പീഡനത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അടക്കമുള്ള വലിയ പോലീസ് സന്നാഹമാണ് കസ്റ്റഡിയിലെടുക്കുന്നതിനായി എത്തിയതെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. പോലീസ് നടപടിക്കു പിന്നാലെ വിഷയത്തിൽ ഇടപെട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി, കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും 26നകം ഹാജരാക്കാൻ പോലീസിനോടു നിർദേശിച്ചു.
ഉത്തർപ്രദേശിലെ സ്വാമി സുഖ്ദേവാനന്ദ് ലോ കോളജിലെ എൽഎൽഎം വിദ്യാർഥിനിയെ ഒരു വർഷത്തോളം സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചെന്നു ഫേസ്ബുക്കിലൂടെ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ഇടപെട്ടാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പരാതിപ്പെട്ടതിന്റെ പേരിൽ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനത്തുനിന്ന് ഒളിച്ചോടിയ പെണ്‍കുട്ടിയെ സുപ്രീംകോടതിയിലെത്തിച്ചാണ് അന്വേഷണത്തിന് എസ്ഐടിയെ നിയോഗിച്ചത്. അന്വേഷണത്തിന്റെ മേൽനോട്ടത്തിനായി ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച ചിന്മയാനന്ദിനെ എസ്ഐടി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ, ലൈംഗികപീഡനം സംബന്ധിച്ച പരാതിക്കു പിന്നിൽ പണം തട്ടാനുള്ള ആസൂത്രിതമായ നീക്കമാണെന്നാണ് ചിന്മയാനന്ദിന്റെ ആരോപണം. അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി ചിന്മയാനന്ദ് നൽകിയ പരാതിയിലാണ് ലൈംഗികപീഡനത്തെക്കുറിച്ച് അന്വേഷിക്കുന്ന എസ്ഐടി തന്നെ പെണ്‍കുട്ടിക്കെതിരേ ഈ കേസെടുത്തിരിക്കുന്നത്. കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിന്മയാനന്ദിന്റെ പരാതിയിൽ പെണ്‍കുട്ടിക്കു പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നും ഫോണ്‍ സംഭാഷണങ്ങളുടെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി മേധാവി നവീൻ അറോറയും ചൂണ്ടിക്കാട്ടുന്നു.
അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജി കഴിഞ്ഞ ദിവസം അലാഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ലൈംഗിക പീഡനത്തിന്മേലുള്ള അന്വേഷണത്തിന്റെ മേൽനോട്ടത്തിനു മാത്രമാണ് പ്രത്യേക ബെഞ്ചെന്നു ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച്, പരാതിക്കാരിക്ക് ഉചിതമായ രീതിയിൽ മറ്റ് ബെഞ്ചിനെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു.