ത്രിപുര: ബിജെപി ഉത്തരേന്ത്യയില്‍ തിരിച്ചുവരുന്നെന്ന് സൂചനകള്‍. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നേറ്റ കനത്ത തോല്‍വികളില്‍ നിന്നും പാര്‍ട്ടി കരകയറുന്നതാണ് ത്രിപുര തദ്ദേശ ഇലക്ഷനില്‍ കാണാനാകുന്നത്. ഏവരെയും ഞെട്ടിച്ചുകൊണ്ട് തദ്ദേശ സീറ്റുകളെല്ലാം പാര്‍ട്ടി തൂത്തുവാരിയിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ സിപിഎം തകര്‍ന്നടിഞ്ഞു.
സിപിഎമ്മിന്റെ സംഘടനാ സംവിധാനം തീര്‍ത്തും തകര്‍ന്നെന്ന് വ്യക്തമാക്കുന്നതാണ് ബിജെപിയുടെ തേരോട്ടം. മത്സരിച്ച 157 സീറ്റുകളില്‍ 156 സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപിയുടെ തേരോട്ടം. അടുത്തിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേടുന്ന തുടര്‍ച്ചായ മൂന്നാം ജയമാണിത്. നോര്‍ത്ത് ഈസ്റ്റില്‍ വന്‍ കുതിപ്പ് ഇത്തവണ ബിജെപിക്കുണ്ടാവുമെന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി ഇവിടെ കരുത്തരായ പാര്‍ട്ടിയായി വളര്‍ന്നിരിക്കുകയാണ്. മറ്റ് പാര്‍ട്ടികള്‍ തീര്‍ത്തും ദുര്‍ബലമായെന്നും ഇതിലൂടെ ഉറപ്പിക്കാം.
ബിജെപിയുടെ തേരോട്ടമാണ് ത്രിപുരയില്‍ ഉണ്ടായത്. 157 സീറ്റാണ് ബിജെപി സ്വന്തമാക്കിയത്. ഇതില്‍ 91 സീറ്റില്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം പോരാട്ടം നടന്ന 67 സീറ്റില്‍ 66 എണ്ണത്തില്‍ ബിജെപി വന്‍ വിജയമാണ് നേടിയത്. അതേസമയം തിരഞ്ഞെടുപ്പ് വിജയത്തില്‍ മുഖ്യമന്ത്രി ബിപ്ലവ് ദേവ് ജനങ്ങളോട് നന്ദി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ ശക്തി വര്‍ധിപ്പിക്കുന്നതാണ് ഈ ജയം.
ഒരു സീറ്റില്‍ മാത്രമാണ് ബിജെപി തോറ്റത്. പനിസാഗര്‍ നഗര്‍ പഞ്ചായത്ത് മണ്ഡലത്തിലാണ് തോറ്റത്. ഇവിടെ സിപിഎമ്മാണ് വിജയിച്ചത്. സംസ്ഥാനത്ത് സിപിഎമ്മിന് ലഭിച്ച ഏക സീറ്റും ഇത് തന്നെയാണ്. 14 മുനിസിപ്പല്‍ ബോഡികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനും ഉള്‍പ്പെടും. അതേസമയം പ്രതിപക്ഷ കക്ഷികളുടെ ദയനീയ പ്രകടനമാണ് തിരഞ്ഞെടുപ്പില്‍ ഫലിച്ചിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് വരെ സിപിഎമ്മിന് ത്രിപുരയില്‍ എതിരാളികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ കാണാത്ത തകര്‍ച്ചയാണ് സിപിഎം നേരിട്ടത്. എന്നാല്‍ അതിനേക്കാള്‍ വലിയ തകര്‍ച്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പല സീറ്റിലും ബിജെപിയുടെ തേരോട്ടമാണ് കണ്ടത്. സംസ്ഥാനത്തെ പ്രധാന സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്ന മേല്‍ക്കോയ്മയും സിപിഎമ്മിന് ഇതോടെ നഷ്ടമാകും.
ത്രിപുരയില്‍ സിപിഎമ്മിന്റെ സംഘടനാ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് നേരത്തെയുള്ള വോട്ട് ശതമാനം പരിശോധിച്ചാല്‍ വ്യക്തമാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും ഇല്ലാതായിരിക്കുകയാണ്. നിലവില്‍ ബംഗാളിലും ഇതേ അവസ്ഥയിലാണ് സിപിഎം. ഇനി ആകെയുള്ള കേരളം മാത്രമാണ്. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് തിരിച്ചുവരവ് കഠിനമാണ്. ഇതോടെ ദേശീയ പ്രസക്തി തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് സിപിഎം. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ചില നേട്ടങ്ങള്‍ മാത്രമാണ് പാര്‍ട്ടിക്ക് സന്തോഷിക്കാനുള്ളത്.
ബിജെപി പ്രതിപക്ഷ കക്ഷികളെ ഒന്നടങ്കം ഇല്ലാതാക്കിയാണ് ഈ വിജയം നേടിയതെന്ന് തള്ളിക്കളയാനാവാത്ത കാര്യമാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ പലര്‍ക്കും ക്രൂര മര്‍ദനമേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് പല സീറ്റിലും ഒഴിവ് വന്നത്. ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതും ഇതേ മണ്ഡലത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ഇതിന് മൗനസമ്മതം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഈ അക്രമങ്ങളെന്ന് സിപിഎം ആരോപിക്കുന്നു.
സ്ത്രീകള്‍ക്ക് വരെ ബിജെപി നേതാക്കളില്‍ നിന്ന് മര്‍ദനമേറ്റിട്ടുണ്ട്. ബിജെപി എംഎല്‍എ ദിലീപ് ദാസിന്റെ നേതൃത്വത്തിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പിഎസി ചെയര്‍മാന്‍ ബാനുലാല്‍ സാഹയെ വരെ നേതാക്കള്‍ ആക്രമിച്ചിരിക്കുകയാണ്. പല പോളിംഗ് ബൂത്തുകളില്‍ നിന്നും വനിതാ പോളിംഗ് ഏജന്റുമാരെ ഒഴിവാക്കിയാണ് പോളിംഗ് നടന്നത്. അതേസമയം സിപിഎം ബിജെപി സര്‍ക്കാരിനെതിരെ വന്‍ റാലിക്ക് ഒരുങ്ങുന്നുണ്ട്.
നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ഇത്തവണ വന്‍ നേട്ടമാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. 30 സീറ്റെങ്കിലും മൊത്തത്തില്‍ നേടണമെന്നാണ് നിര്‍ദേശം. പലയിടത്തും ബിജെപി ഇപ്പോള്‍ ഒറ്റയ്ക്ക് ഭരണം നടത്തുന്നുണ്ട്. ത്രിപുര ബിജെപി വന്‍ നേട്ടം ലക്ഷ്യമിടുന്ന സംസ്ഥാനമാണ്. ഇവിടെ സിപിഎമ്മിനെ തീര്‍ത്തും ഇല്ലാതാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഭരണത്തില്‍ എത്താനുള്ള സാധ്യതയും ഉണ്ട്. ഇത് ഇല്ലാതാക്കാനാണ് നിര്‍ദേശം. പാര്‍ട്ടിയെ ഇല്ലാതാക്കിയാല്‍ മാത്രമേ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയൂ എന്നാണ് നിര്‍ദേശം.