പാവങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്; മതത്തിന്റെ വേര്‍തിരിവുണ്ടാകില്ലെന്ന് മോദി

NarendraModi3

ദില്ലി: മതങ്ങളുടെ പേരില്‍ രാജ്യത്ത് പല സംഘര്‍ഷങ്ങളും നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാഗ്ദാനങ്ങളുമായെത്തി. മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാകില്ലെന്നാണ് മോദി പറയുന്നത്. വികസനം മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങളുടെ ഉന്നമനത്തിനു വേണ്ടിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍ ബി.ജെ.പിയുടെ വികാസ് ഉത്സവ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളോ പ്രദേശങ്ങളോ വികസനത്തില്‍ പിന്നാക്കം നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും വികസനവും തുല്യ അര്‍ത്ഥമുള്ളവയാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പെട്ടെന്നുള്ള വളര്‍ച്ചയാണുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനം ഇപ്പോഴും ദാരിദ്ര്യത്തില്‍ ബുദ്ധിമുട്ടുകയാണെന്നും റോഡുകള്‍, പാലങ്ങള്‍, റയില്‍വേ എന്നിവയില്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും വികസനം വേണമെന്നുണ്ടെങ്കില്‍ ബിജെപിയെ അധികാരത്തിലെത്തിക്കൂവെന്നും നരേന്ദ്ര മോഡി പറഞ്ഞു.

Top