ബിജെപിയെ കയ്യൊഴിഞ്ഞ് പിസി ജോര്‍ജ് യുഡിഎഫിലേക്ക്; രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: യു ഡി എഫിലേക്ക് ചേക്കേറാന്‍ പി സി ജോര്‍ജിന്റെ തീരുമാനം. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി.ജോര്‍ജ് അവരുടെ വസതിയായ പത്ത് ജന്‍പഥില്‍ എത്തിയെങ്കിലും സാധിച്ചില്ല. അതിനാല്‍ രാഹുല്‍ ഗാന്ധിയുമായിട്ടാണ് ജോര്‍ജ്ജ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച രണ്ടു മണിക്കൂറോളം നീണ്ടു. ചര്‍ച്ചയുടെ അവസാനം യു.ഡി.എഫിലേക്ക് പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും ജോര്‍ജ് പറഞ്ഞു. സോണിയ ഗാന്ധിയെ കാണാന്‍ വസതിയില്‍ എത്തി എന്നത് സത്യമാണെന്ന് പി.സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും എന്തായാലും ഇടതുപക്ഷത്തേയ്ക്ക് ഇല്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പി സി ജോര്‍ജ് മുന്നണിയിലേക്ക് വരുന്നു എന്ന വാര്‍ത്തയോട് യു ഡി എഫ് നേതാക്കളുടെ പ്രതികരണം തണുത്തതായിരുന്നു. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. സംസ്ഥാനത്ത് ഒരു ചര്‍ച്ചയും നടത്താതെ ഡല്‍ഹി കൂടികാഴ്ചയ്ക്ക് പി.സി.ജോര്‍ജ് ഇറങ്ങി പുറപ്പെട്ടതില്‍ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇത് പി.സിയുടെ പുതിയ നാടകമണെന്നാണ് ഇവരുടെ അഭിപ്രായം. അതേസമയം വരും ദിവസങ്ങളില്‍ കേരളത്തിലെ യു ഡി എഫ് നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തുമെന്ന് തന്നെയാണ് പിസി ജോര്‍ജ് നല്‍കുന്ന സൂചന.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് ഒറ്റയ്ക്ക് ഇരുമുന്നണികള്‍ക്കെതിരെയും മത്സരിച്ചാണ് പി.സി ജോര്‍ജ് വിജയിച്ചത്. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച ജോര്‍ജ് ബിജെപിക്ക് പിന്തുണ നല്‍കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. നിയമസഭയില്‍ ഒ. രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കുമെന്നും ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ഈ ഘട്ടത്തില്‍ പി.സി എന്‍.ഡി.എയിലേക്ക് പോകുന്നുവെന്ന് അഭ്യൂഹം പരന്നിരുന്നു.

പി.സി.ജോര്‍ജിനെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ബിജെപി ചില കരുക്കള്‍ നീക്കിയിരുന്നു. പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാക്കുകയും അതു വഴി തന്റെ സ്വന്തം പാര്‍ട്ടിയായ ജനപക്ഷത്തെ എന്‍ഡിഎയിലെ ഘടകക്ഷിയാക്കി മാറ്റാന്‍ ജോര്‍ജ് സമ്മതം മൂളുമെന്നുമായിരുന്നു ബിജെപിയുടെ പ്രതീക്ഷ.

നിയമസഭയില്‍ നേമത്തെ രാജഗോപാലിലൂടെ ബിജെപി അക്കൗണ്ട് തുറന്നുവെങ്കിലും സൗമ്യവ്യക്തിത്വമായ രാജഗോപാലിന് നിയമസഭയില്‍ പാര്‍ട്ടിക്കായി വാദിക്കാനോ ശബ്ദമുയര്‍ത്താനോ കഴിഞ്ഞില്ല. ഈ കുറവ് പരിഹരിക്കാന്‍ പിസി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രമുഖരെ ബിജെപിയിലേക്ക് അടുപ്പിക്കാനും പൂഞ്ഞാറിലെ സിംഹമെന്ന് വിളിപ്പേരുള്ള ജോര്‍ജിനെ എത്തിക്കുന്നതിലൂടെ കഴിയുമെന്നുമായിരുന്നു അമിത് ഷായുടെ വിലയിരുത്തല്‍.

എന്നാല്‍ ഇതെല്ലാം വൃഥാവിലാക്കി കൊണ്ടാണ് ഇപ്പോള്‍ യു.ഡി.എഫിലേക്ക് പോകുന്നു എന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞത്. ബിജെപി കേന്ദ്രീകരിച്ച ഹൈന്ദവ വോട്ടുകള്‍ കൂടി ശബരിമല വിഷയത്തോടെ പിസി ജോര്‍ജ് പോക്കറ്റിലാക്കിയിട്ടുണ്ട്. ഇതുമായാണ് പിസി യുഡിഎഫ് പ്രവേശനം നടത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി ഏറ്റുവാങ്ങിയ തോല്‍വിയും തീരുമാനത്തിന് പിന്നിലുണ്ട്.

Top